ഹെലികോപ്റ്ററിനും കപ്പലുകള്‍ക്കും നേരെ എല്‍ടിടിഇ ആക്രമണം
കൊളംബോ: ശ്രീലങ്കന്‍ വ്യോമസേനയുടെ ഒരു എംഐ-24 ഹെലികോപ്റ്റര്‍ എല്‍ടിടിഇ തീവ്രവാദികള്‍ വെടിവെച്ചു വീഴ്ത്തി. ഒക്ടോബര്‍ 23ന് തിങ്കളാഴ്ച രാവിലെ ട്രിങ്കോമാലി തുറമുഖം ആക്രമിച്ചപ്പോഴാണ് തീവ്രവാദികള്‍ കോപ്റ്റര്‍ വീഴ്ത്തിയത്. ആക്രമണത്തില്‍ രണ്ടു നാവിക കപ്പലുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
പോരാട്ടത്തില്‍ ചുരുങ്ങിയത് എട്ടു പേരെങ്കിലും മരിച്ചിട്ടുണ്ട്. ഇരുഭാഗത്തും ആള്‍നാശമുണ്ടായതായാണ് റിപ്പോര്‍ട്ട്.
നിലത്തുള്ള സൈനികരെ സഹായിക്കാനായി തുറമുഖത്തിന് മുകളിലൂടെ പറക്കുകയായിരുന്ന കോപ്റ്ററാണ് വെടിവെച്ചു വീഴ്ത്തിയത്. കോപ്റ്ററില്‍ ഉണ്ടായിരുന്ന നാലു പേരും കൊല്ലപ്പെട്ടു.
സ്ഫോടകവസ്തുക്കളുമായി എല്‍ടിടിഇ ചാവേര്‍പ്പട ബോട്ടുകളില്‍ വന്നാണ് നാവിക കപ്പലിനെ ആക്രമിച്ചത്. മൂന്നു ബോട്ടുകള്‍ വന്നതില്‍ രണ്ടെണ്ണത്തെ നാവികസേന തകര്‍ത്തുവെങ്കിലും ഒന്ന് ഉള്ളില്‍കടന്ന് കപ്പലിന് അടുത്തുവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു നാവികര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications