ഹയറുന്നീസ പൊലീസ് പിടിയിലായി
ഗുരുവായൂര്‍: മദ്യദുരന്തത്തിനു കാരണമായ വിഷമദ്യം വിറ്റ ഹയറുന്നീസ എന്ന താത്തയും ഭര്‍ത്താവ് രാജനും പൊലീസ ് പിടിയിലായി. ഒക്ടോബര്‍ 24 ചൊവാഴ്ച രാവിലെ ഗുരുവായൂരില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയിലുള്ള ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഹയറുന്നീസയെയും ഭര്‍ത്താവിനെയും തൃശൂരിനടുത്ത് മതിലകത്ത് കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
ഒക്ടോബര്‍ 22 ഞായറാഴ്ച കൊല്ലത്തു നിന്നു മുങ്ങിയ ഇവര്‍ മതിലകത്ത് ഒരു ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി. എന്നാല്‍ അവിടെ താമസിക്കാന്‍ ബന്ധുക്കള്‍ സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി തന്നെ ഗുരുവായൂരെത്തി.
ഗുരുവായൂരും സുരക്ഷിതമായ ഒളിത്താവളം കിട്ടാഞ്ഞതിനാല്‍ പ്രതികള്‍ മാഹിയിലേയ്ക്കു പോയി. എന്നാല്‍ മാഹിയിലും ഇവര്‍ക്ക് അഭയം നല്‍കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23 തിങ്കളാഴ്ച രാത്രി ഗുരുവായൂരില്‍ തിരിച്ചെത്തി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.












Click it and Unblock the Notifications