മേധാപട്കര്‍ നിരാഹാരം തുടങ്ങി
ഭോപാല്‍: നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാപട്കറും മറ്റ് ഏഴുപേരും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്കു സമീപം നിരാഹാര സത്യാഗ്രഹം തുടങ്ങി. ഒക്ടോബര്‍ 25 വ്യാഴാഴ്ച തുടങ്ങിയ നിരാഹാര സമരം അഞ്ചു ദിവസത്തേക്കാണ്. നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയ സുപ്രിം കോടതി വിധിക്കെതിരെയാണ് നിരാഹാര സമരം നടത്തുന്നത്.
ഇതിനിടെ ഒക്ടോബര്‍ 31ന് നര്‍മാദാ ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് നര്‍മദാ വികസന മന്ത്രി ജയനാരായണ്‍ വ്യാസ് അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെഅദ്വാനി നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും.
നൂറിലധികം പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസികളും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്കടുത്തുള്ള സത്യാഗ്രഹ പന്തലിനടുത്ത് ധര്‍ണ ആരംഭിച്ചിട്ടുണ്ട്.
ജനാധിപത്യപരവും അക്രമരഹിതവുമായ സമരമാര്‍ഗങ്ങളിലൂടെ ഡാമിന്റെ നിര്‍മാണപ്രവര്‍ത്തനം തടയാന്‍ ശ്രമിക്കുമെന്ന് മേധാ പട്കര്‍ പറഞ്ഞു. ഭരണഘടനയുടെ അഞ്ചാം അനുബന്ധമനുരിച്ച് രാഷ്ട്രപതിക്ക് ഡാമിന്റെ നിര്‍മാണം തടയാനാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച ദില്ലിയില്‍ ആയിരകണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ റാലി നടത്തി. ഡാമിന്റെ പണി തുടരുന്നതു മൂലം ആയിരത്തിലേറെ ആദിവാസികള്‍ക്ക് വീട് നഷ്ടപ്പെടുമെന്ന കാര്യം സുപ്രിം കോടതി പരിഗണിച്ചില്ലെന്ന് റാലിക്ക് നേതൃത്വം കൊടുത്തവര്‍ പറഞ്ഞു.












Click it and Unblock the Notifications