കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലോബി-സര്‍ക്കാര്‍ ബന്ധം അന്വേഷിക്കണം

  • By Staff
Google Oneindia Malayalam News

കൊച്ചി: വ്യാജമദ്യദുരന്തത്തെ കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ചാരായലോബിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കൂട്ടുകെട്ട് കൂടി ഉള്‍പ്പെടുത്തണമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എം.വി.രാഘവന്‍ ആവശ്യപ്പെട്ടു.

വ്യാജമദ്യലോബിയില്‍ നിന്നും പണം വാങ്ങിയിട്ടുള്ളവര്‍ സര്‍ക്കാരിലും സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലുമുണ്ട്. അന്വേഷണത്തിലൂടെ ഇവരെ പുറത്തുകൊണ്ടുവരണം. ഒക്ടോബര്‍ 25 ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ പാര്‍ട്ടി ചാനലിന് മദ്യരാജാക്കന്മാര്‍ പണം നല്‍കിയിട്ടുണ്ട്. പ്രധാന ഓഹരി ഉടമകളില്‍ വലിയൊരു ഭാഗം ഇവരാണ്. വ്യാജമദ്യലോബിയുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. കഴിഞ്ഞ നാലര വര്‍ഷമായി ഇത് തുടരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കേരളം മുഴുവനും ഉള്‍പ്പെടുത്തിയാല്‍ അബ്കാരി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം തെളിയും.

കൂത്തുപറമ്പില്‍ പൊലീസുകാരന്‍ വെടിവെച്ചതിന് തനിക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ചയാളാണ് എക്സൈസ് വകുപ്പ് മന്ത്രി ശിവദാസമേനോന്‍. വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്തമുള്ള എക്സൈസ് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ശിവദാസമേനോന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.

ബഹുരാഷ്ട്രകുത്തകകള്‍ക്ക് രാജ്യത്തേക്ക് കടന്നുവരാന്‍ തടസമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് സിപിഎം പാര്‍ട്ടി പരിപാടികളില്‍ വരുത്തിയിരിക്കുന്ന ഭേദഗതി. ഈ തീരുമാനം കുത്തകകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. ഭരണാധികാരികളെ കോടികള്‍ നല്‍കി വിലക്കെടുക്കുന്ന ബഹുരാഷ്ട്രകുത്തകളുമായി പാര്‍ട്ടിയുടെ ബന്ധം അരക്കെട്ടുറപ്പിക്കുന്നതാണ് പുതിയ ഭേദഗതി.

കേന്ദ്രഭരണത്തില്‍ പങ്ക് ചേരാന്‍ സിപിഎം എടുത്ത തീരുമാനം വൈകിപ്പോയി. ഭരണമില്ലാത്ത അവസ്ഥയില്‍ ജീവിക്കാന്‍ കഴിയാത്ത നിലയിലാണ് പാര്‍ട്ടിയും നേതൃത്വവും. ജ്യോതിബസുവിന് പ്രധാനമന്ത്രിയാകാന്‍ ഒരിക്കല്‍ അവസരം ലഭിച്ചതാണ്. അത് തട്ടിത്തെറിപ്പിച്ചത് പാര്‍ട്ടി സഖാക്കള്‍ തന്നെയാണ്. ഇനി കേന്ദ്രഭരണം ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുക മാത്രമേ സിപിഎമ്മിന് നിവൃത്തിയുള്ളൂ. രാഘവന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X