ലോഡ്ഷെഡിംഗ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് പിന്‍വലിച്ചു. നവംബര്‍ ഒന്നു മുതല്‍ ലോഡ്ഷെഡിംഗ് ഒഴിവാക്കുമെന്ന് ഒക്ടോബര്‍ 26 വ്യാഴാഴ്ച വൈദ്യുതിമന്ത്രി എസ് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1996 ജനുവരിയില്‍ നിലവില്‍ വന്ന അരമണിക്കൂര്‍ ലോഡ്ഷെഡിംഗാണ് ഇതോടെ ഇല്ലാതാകുന്നത്.
നേരത്തേ വ്യവസായസ്ഥാപനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന പവര്‍കട്ടും പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ലോഡ്ഷെഡിംഗും പിന്‍വലിച്ചതോടെ പവര്‍കട്ടും ലോഡ്ഷെഡിംഗുമില്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് മന്ത്രി ശര്‍മ ചൂണ്ടിക്കാട്ടി.
നാലു വര്‍ഷത്തിനുള്ളില്‍ കേരളം വൈദ്യുതികാര്യത്തില്‍ സ്വയംപര്യാപ്തമാകുമെന്ന് മന്ത്രി ശര്‍മ പറഞ്ഞു. വൈദ്യുതിയുടെ ഉത്പാദനത്തിലും പ്രസാരണത്തിലും വിതരണത്തിലും സ്വീകരിച്ച വിവിധ നടപടികള്‍ മൂലമാണിത്. കഴിഞ്ഞ നാലു വര്‍ത്തിനുള്ളില്‍ വൈദ്യുതി മേഖലയില്‍ സംസ്ഥാനം കുതിച്ചുചാട്ടം നടത്തിയതായി മന്ത്രി അവകാശപ്പെട്ടു. കേരളത്തിന്റെ വൈദ്യുതോത്പാദന വളര്‍ച്ചാനിരക്ക് 72 ശതമാനമാണ്. ദേശീയതലത്തില്‍ ഇത് 18.5 ശതമാനം മാത്രമാണ്.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. അടുത്ത മാസം മുതല്‍ സംസ്ഥാനത്തൊട്ടാകെ സ്പോട്ട് ബില്ലിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യയില്‍ ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളമാണ്.












Click it and Unblock the Notifications