തിരുവനന്തപുരത്തും വിഷമദ്യദുരന്തം; 22 പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം : മുരുക്കുംപുഴയില്‍ നിന്നും വിഷമദ്യം കഴിച്ച 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിപ്പുറത്ത് വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചതായി സംശയിക്കുന്നു.
മുരുക്കുംപുഴയിലെ കള്ള് ഷാപ്പില്‍ നിന്നും സമീപത്തുള്ള വ്യാജവാറ്റ് കേന്ദ്രത്തില്‍ നിന്നും മദ്യം കഴിച്ച 22 പേരെ ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പലരുടെയും നില ഗുരുതരമാണ്.
രാവിലെ മൂന്ന് പേരെയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. കണ്ണുകളില്‍ ഇരുട്ട് കയറുന്നതായും തലവേദനയുള്ളതായും ഇവര്‍ പരാതിപ്പെട്ടു. ഉച്ചയോടെയാണ് ബാക്കിയുള്ളവരെ പ്രവേശിപ്പിച്ചത്. ആദ്യം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഇവരെ അവിടെയുള്ള ഡോക്ടറാണ് മെഡിക്കല്‍ കോളേജില്‍ പോകാന്‍ നിര്‍ദേശിച്ചത്.
മുരുക്കുംപുഴ അപ്പോളോ കോളനിയിലുള്ള വ്യാജവാറ്റ് കേന്ദ്രത്തില്‍ നിന്നും സമീപത്തുള്ള കള്ള് ഷാപ്പില്‍ നിന്നുമാണ് തങ്ങള്‍ മദ്യപിച്ചതെന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുമാര്‍, സുനി, ശശിധരന്‍ എന്നിവര്‍ പറഞ്ഞു.
പള്ളിപ്പുറത്ത് നിന്നും വിഷമദ്യം കഴിച്ച് സിആര്‍പിഎഫ് ക്യാമ്പിലെ കോണ്‍സ്റബിള്‍ ജി.വി.കെ.നായര്‍ മരിച്ചതായി സംശയിക്കുന്നു. മദ്യം കഴിച്ചതിനെ തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാള്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.


Click it and Unblock the Notifications