വ്യോമാതിര്‍ത്തി ലംഘിക്കാന്‍ യുഎസിനെ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍
കറാച്ചി: അഫ്ഗാനിസ്ഥാനില്‍ താവളമടിച്ചിരിക്കുന്ന ഒസാമ ബിന്‍ലാദനെ ആക്രമിക്കാന്‍ പാകിസ്ഥാന്റെ വ്യോമപ്രദേശത്തേക്ക് പ്രവേശിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍.
രണ്ടു വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി പാകിസ്ഥാന്റെ വ്യോമപ്രദേശത്തേക്ക് കടന്നത് തങ്ങളുടെ അനുവാദത്തോടെയായിരുന്നില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പറഞ്ഞു. അമേരിക്ക വീണ്ടും വ്യോമപ്രദേശത്ത് അതിക്രമിച്ച് പ്രവേശിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ അതിനെതിരെ അന്താരാഷ്ട്ര ഉപരോധം സൃഷ്ടിക്കാന്‍ ശ്രമിക്കും.
ഒക്ടോബറില്‍ അമേരിക്കയിലെ യെമനി തുറമുഖത്തുണ്ടായ ആക്രമണത്തിനു പിന്നില്‍ ബിന്‍ ലാദനാണെന്നാണ് സംശയിക്കുന്നത്. 1998ല്‍ ആഫ്രിക്കയിലെ യുഎസ് എംബസികള്‍ക്കു നേരെ ബിന്‍ലാദന്‍ ആക്രമം നടത്തിയതിനെ തുടര്‍ന്ന് അമേരിക്ക അഫ്ഗാനിസ്ഥാനു നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
മുമ്പുണ്ടായതു പോലുള്ള ആക്രമണത്തിന് പാകിസ്ഥാന്റെ വ്യോമമേഖല ഉപയോഗിക്കാന്‍ ഇനി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അബ്ദുള്‍സത്താര്‍ പറഞ്ഞു.
അമേരിക്ക മുമ്പു നടത്തിയതു പോലൊരു ആക്രമണത്തിന് തയ്യാറെടുക്കുകയാണോയെന്ന് തനിക്ക് തീര്‍പ്പില്ല. പക്ഷേ അത്തരം ഊഹാപോഹങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ നടത്തുന്നുണ്ട്-സത്താര്‍ പറഞ്ഞു.
വീണ്ടും പാകിസ്ഥാന്‍ വ്യോമമേഖല അമേരിക്ക അതിക്രമിക്കുകയാണെങ്കില്‍ ലോകസമിതികള്‍ക്കു മുന്നില്‍ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമെന്ന നിലയില്‍ തങ്ങള്‍ ഈ പ്രശ്നം ഉയര്‍ത്തിക്കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications