ഒടുവില്‍ അംബാസഡര്‍ ഗ്രാമങ്ങളിലേയ്ക്ക് ഓടുന്നു
ദില്ലി: അംബാസഡര്‍ കാറുകള്‍ ഗ്രാമങ്ങളിലേയ്ക്കു സഞ്ചരിക്കുന്നു. കാര്‍ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡറിന് ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ഡീലര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. 2000 അവസാനത്തോടെ അംബാസഡര്‍ ഗ്രാമങ്ങളിലെത്തുമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പ്രസിഡന്റ് ബി.കെ .ചതുര്‍വേദി ഒക്ടോബര്‍ 29 ഞായറാഴ്ച അറിയിച്ചു. കമ്പനിയുടെ നഷ്ടത്തിലുള്ള ഓട്ടം നികത്താനാണ് ഈ പുതിയ തീരുമാനം.
ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഏകദേശം 15 ഡീലര്‍ഷിപ്പുകള്‍ കമ്പനി ഈ വര്‍ഷം ഏര്‍പ്പെടുത്തും. ഇതു വരെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും അംബാസഡറിന് ഡീലര്‍മാര്‍ ഇല്ലായിരുന്നു. ആകെയുള്ള 92 ഡീലര്‍ഷിപ്പുകളും മെട്രോ നഗരങ്ങളിലും വന്‍ പട്ടണങ്ങളിലുമായാണ്. കമ്പനിയുടെ മുഖ്യപ്രതിയോഗികളായ ജനറല്‍ മോട്ടോഴ്സും മാരുതിയും അവരുടെ കാറുകള്‍ നേരത്തേ തന്നെ ഗ്രാമങ്ങളില്‍ എത്തിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷം കമ്പനി ആകെ 32 ഡീലര്‍ഷിപ്പുകള്‍ നല്‍കും. ഗ്രാമങ്ങളിലേക്കു പോകുന്നതോടൊപ്പം നഗരങ്ങളിലെ വിതരണ സംവിധാനവും ശക്തമാക്കാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ അംബാസഡര്‍. ടാക്സി ആവശ്യത്തിനായാണ് അംബാസഡറിന്റെ വാങ്ങലുകള്‍ ഏറെയും. ഇപ്പോള്‍ പ്രതിമാസം ശരാശരി 2000 കാറുകള്‍ വീതം വിറ്റഴിക്കപ്പെടുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേയ്ക്കും ഇത് പ്രതിമാസം 2,500 എന്ന തോതിലാക്കാനാണ് കമ്പനിയുടെ ശ്രമം.
കമ്പനിയുടെ മറ്റ് മോഡലുകളായ കോണ്ടസയും ലാന്‍സറും മോശമല്ലാത്ത രീതിയില്‍ വിറ്റു പോകുന്നുണ്ട്. പ്രതിമാസം 25 കോണ്ടസകളും 1,000 ലാന്‍സറുകളുമാണ് ഇപ്പോള്‍ വിറ്റു പോകുന്നത്. പെട്രോള്‍ അല്ലാത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കാവുന്ന കാറുകളുടെ പണിപ്പുരയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഇപ്പോള്‍. പാചകവാതകം ഉപയോഗിക്കുന്ന കാറുകള്‍ വികസിപ്പിച്ചെടുക്കാനും ശ്രമങ്ങള്‍ നടക്കുന്നു.
അംബാസഡറിനെ പുതുക്കിപ്പണിയാനും കമ്പനി തീരുമാനിച്ചു.അടുത്തു തന്നെ പവര്‍ സ്റ്റിയറിംഗ് ഘടിപ്പിച്ച അംബാസഡര്‍ വിപണിയിലറങ്ങും. അംബാസഡര്‍ വിന്റേജ് മോഡല്‍ ഇറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ അംബാസഡറിന്റെ രൂപം മാറ്റിക്കൊണ്ടുള്ള ഒരു പരീക്ഷണത്തിനും കമ്പനി തയ്യാറല്ലെന്ന് പ്രസിഡന്റ് ചതുര്‍വേദി പറഞ്ഞു.കോണ്ടസ, ലാന്‍സര്‍ മോഡലുകള്‍ക്കും പുതിയ പതിപ്പുകള്‍ ഇറക്കും.
അംബാസഡറും ലാന്‍സറും കമ്പനിയെ ലാഭത്തിലേയ്ക്ക് ഓടിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ സാമ്പത്തിക വര്‍ഷം തന്നെ കമ്പനി നഷ്ടം നികത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കാര്‍ വില്‍പനയില്‍ ഒന്നാമതെത്തുമെന്നും ചതുര്‍വേദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് 62 കോടി രൂപയുടെ നഷ്ടം വരുത്തിയിരുന്നു.












Click it and Unblock the Notifications