കള്ള് ഷാപ്പും എക്സൈസ് ഓഫീസും ആക്രമിച്ചു
തിരുവനന്തപുരം : വ്യാജമദ്യദുരന്തം തുടര്‍ക്കഥയാവുമ്പോള്‍ ജനരോഷം കള്ള് ഷാപ്പുകള്‍ക്കും ബാറുകള്‍ക്കും എക്സൈസ് അധികൃതര്‍ക്കുമെതിരെ.
ഒക്ടോബര്‍ 28 ശനിയാഴ്ച തിരുവനന്തപുരത്ത് കോരാണിയിലും മെഡിക്കല്‍ കോളേജിനടുത്തും ഉള്ള കള്ള് ഷാപ്പുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പള്ളിപ്പുറം മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി കഴക്കൂട്ടത്തെ എക്സൈസ് റേഞ്ച് ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിന് സമീപമുള്ള വിദേശമദ്യ ശാലയും ബാറും ഇവര്‍ ആക്രമിച്ചു.
കോരാണി ടോള്‍ ജംഗ്ഷനിലുള്ള കള്ള് ഷാപ്പില്‍ വ്യാജമദ്യം വില്‍ക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ഷാപ്പ് തല്ലിത്തകര്‍ത്ത് തീയിട്ടു നശിപ്പിച്ചു. തടയാനെത്തിയ എക്സൈസുകാരെ നാട്ടുകാര്‍ വിരട്ടിയോടിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് അടുത്തുള്ള കള്ള് ഷാപ്പ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൈയേറി കള്ള് പിടിച്ചെടുത്ത് നശിപ്പിച്ചു. ഷാപ്പ് ഉപരോധം തുടങ്ങിയ പ്രവര്‍ത്തകര്‍ പൊടുന്നനെ അക്രമാസക്തരാവുകയായിരുന്നു.












Click it and Unblock the Notifications