സ്വകാര്യ ഡി ടി എച്ച് : അനുമതിക്കു ശുപാര്‍ശ
ദില്ലി: ഇന്ത്യയില്‍ സ്വകാര്യ ഡി ടി എച്ച് (ഡയറക്ട് ടു ഹോം) ടെലിവിഷന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ ഇതേപ്പറ്റി തീരുമാനമെടുക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന കേന്ദ്ര മന്ത്രി സഭാ സമിതി ശുപാര്‍ശ ചെയ്തു.
ആഭ്യന്തര മന്ത്രി എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭാ ഉപസമിതിയാണ് ഒക്ടോബര്‍ 30 തിങ്കളാഴ്ച ഡി ടി എച്ച് സ്ഥാപനത്തിന് അനുമതി നല്‍കിയത്. ചില ഉപാധികളോടെ സ്വകാര്യ സംരംഭകര്‍ക്കും ഡി ടി എച്ച് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കാനാണ് ശുപാര്‍ശ. രാജ്യതാത്പര്യം സംരക്ഷിച്ചു കൊണ്ടു മാത്രമേ ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കാവൂ എന്നതാണ് പ്രധാനമായ ഉപാധി.
4800 മെഗാഹെട്സിനു മുകളില്‍ ഫ്രീക്വന്‍സിയുള്ള കെ യു ബാന്‍ഡ് ആന്റിനകള്‍ വഴി സംപ്രേക്ഷണം നടത്തുന്ന ഡി ടി എച്ച് സംവിധാനം സ്ഥാപിക്കാനുള്ള അവകാശം ദൂരദര്‍ശനു മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ലെന്ന് സമിതി ഏകകണ്ഠമായി തീരുമാനിച്ചു.
സംപ്രക്ഷണമേഖലയ്ക്കു മാത്രമല്ല, ടെലികോം പോലുള്ള മറ്റു മേഖലകള്‍ക്കും ഇത് ഗുണകരമാകുമെന്ന് മന്ത്രിസഭാ സമിതി ശുപാര്‍ശ ചെയ്തു. ഏതാനും ആഴ്ചയ്ക്കുള്ളില്‍ ഡി ടി എച്ച് സംപ്രേക്ഷണം സംബന്ധിച്ച ക്യാബിനറ്റ് തീരുമാനമുണ്ടാകുമെന്ന് മന്ത്രി പ്രമോദ് മഹാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സുഷമാ സ്വാരാജ്, പ്രമോദ് മഹാജന്‍, അരുണ്‍ ജയ്റ്റ്ലി എന്നിവരാണ് അദ്വാനിയെക്കൂടാതെ ഉപസമിതിയിലുണ്ടായിരുന്നത്.
വിദേശ സംപ്രേക്ഷണ കമ്പനികള്‍ക്കും ഇന്ത്യയില്‍ ഡി ടി എച്ച് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്‍കാനും അവരില്‍ നിന്നും ഈടാക്കേണ്ട വിദേശ മൂലധനം സംബന്ധിച്ചും മന്ത്രിസഭാ ഉപസമിതി തീരുമാനമെടുത്തതായി അറിയുന്നു. നേരത്തേ ഇന്ത്യയില്‍ ഡി ടി എച്ച് സംപ്രേക്ഷണം നടത്താനുള്ള അവകാശം ദൂരദര്‍ശനു മാത്രമായി പരിമിതപ്പെടുത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നത്.












Click it and Unblock the Notifications