ഗള്‍ഫില്‍ നിന്ന് വരുന്നതിനിടെ അപകടത്തില്‍ മരിച്ചു
കൊച്ചി: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വിമാനത്താവളത്തില്‍ നിന്ന് കൂടെ വരികയായിരുന്ന സഹോദരനും സുഹൃത്തിനും പരിക്കേറ്റു.ഒക്ടോബര്‍ 30 തിങ്കളാഴ്ചയാണ് സംഭവം.
എച്ച്എംടി ജീവനക്കാരന്‍ പാലാരിവട്ടം കളവത്ത് റോഡ് ജോര്‍ജ് മാമ്പിള്ളിയുടെ മകനും ഷാര്‍ജയിലെ ജംബോ ഡെക്കോര്‍ വര്‍ക്സില്‍ ഉദ്യോഗസ്ഥനുമായ പാലാരിവട്ടം മാമ്പിള്ളിയില്‍ ജോമോന്‍ ജോര്‍ജ് (28) ആണ് മരിച്ചത്. സഹോദരന്‍ സിജൊ (27), സുഹൃത്ത് ഇടപ്പള്ളി കാര്‍ത്തികയില്‍ രാജീവ് (28) എന്നിവര്‍ക്ക് പരിക്കേറ്റു.
ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ജോമോന്‍ വിമാനത്താവളത്തില്‍ നിന്നും കാറില്‍ വീട്ടിലേക്ക് വരുമ്പോഴാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ദേശീയപാതയില്‍ ചേര്‍ത്തല തുറവൂരിനടുത്ത് വെച്ച് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുമായി പട്ടണക്കാട് മില്‍മ ഫാക്ടറിക്ക് മുമ്പില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഉടനെ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജോമോന്റെ ജീവന്‍ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ സിജൊയും രാജീവും കെവിഎം ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ സൗദിയിലായിരുന്ന ജോമോന്‍ രണ്ടു വര്‍ഷം മുമ്പാണ് ഷാര്‍ജയിലെ കമ്പനിയില്‍ ചേര്‍ന്നത്. മേഴ്സിയാണ് അമ്മ.












Click it and Unblock the Notifications