കുടിയില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യപരുടെ കൂട്ടായ്മ
മഞ്ചേരി: മദ്യദുരന്തത്തിന്റെ വാര്‍ത്തകള്‍ കേട്ട് കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മദ്യപാനാസക്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യപര്‍ തന്നെ സംഘടിക്കുന്നു. മഞ്ചേരിയില്‍ ഒക്ടോബര്‍ 30 ഞായാഴ്ച യോഗം ചേര്‍ന്ന അജ്ഞാത മദ്യപാനാസക്തര്‍ ആണ് ദയ എന്ന ഗ്രൂപ്പിന് രൂപം നല്‍കിയത്.
മദ്യപാനം നിര്‍ത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ദയയില്‍ അംഗമാകാം. മദ്യപാനാസക്തി രോഗമാണെന്ന് തിരിച്ചറിഞ്ഞ് , പ്രശ്നങ്ങള്‍ പങ്കു വച്ച് ,മോചനത്തിന് ശ്രമിക്കുകയാണ് ഇവരുടെ ലക്ഷ്യം.
സംഘടന അതിലെ അംഗങ്ങളുടെ പേര് പുറത്തു പറയുന്നില്ല. അതിനാല്‍ ഇവര്‍ അജ്ഞാത മദ്യപാനാസക്തര്‍ എന്നറിയപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥരും സാധാരണക്കാരും മദ്യപാനം മൂലം ജോലി നഷ്ടപ്പെട്ടവരുമൊക്കെ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്.
ഇതിന് സമാന്തരമായി മദ്യപരുടെ ഭാര്യമാരുടെയും കുട്ടികളുടെയും വെവേറെ ഗ്രൂപ്പുകളുമുണ്ട്. ഭര്‍ത്താവോ പിതാവോ ഒരു രോഗിയാണെന്നു മനസ്സിലാക്കി പെരുമാറാനുള്ള പരിശീലനം നേടുകയാണ് ഇവരുടെ ലക്ഷ്യം.
ദയ ഗ്രൂപ്പില്‍ എഴ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് ഇപ്പോഴുള്ളത്. എങ്കിലും ഉദ്ഘാടനയോഗത്തില്‍ വിവിധ ഗ്രൂപ്പുകളില്‍ നിന്നായി 50 ല്‍ അധികം അംഗങ്ങള്‍ പങ്കെടുത്തിരുന്നു.
ഒരു മദ്യപന്റെ മനസറിയാന്‍ മറ്റൊരു മദ്യപനേ കഴിയൂ എന്ന് സംഘടന പറയുന്നു. മാസവരിയോ ഫീസോ ഇല്ലാതെ അംഗങ്ങളുടെ സംഭാവനകളിലൂടെയാണ് സംഘത്തിന്റെ നിലനില്‍പ്.
യോഗത്തില്‍ സംസാരിക്കുന്ന അംഗങ്ങള്‍ ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മഹത്വത്തില്‍ ഇന്ന് ഞാന്‍ കുടിച്ചിട്ടില്ല എന്ന് പറയും. ഉടന്‍ സദസ്സ് അയാളെ ഏറ്റുപറയും.
പലതവണ മദ്യപാനം നിര്‍ത്തിയിട്ടും വീണ്ടും ആര്‍ത്തിയോടെ കുടിച്ച ഒരാള്‍ യോഗത്തില്‍ തന്റെ അനുഭവം അയവിറക്കി-- ഏറെ പാടുപെട്ടാണ് ഞാന്‍ കുടി നിര്‍ത്തിയത്. ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമ്പോഴൊക്കെ ഞാന്‍ രാജകീയ സ്വീകരണം പ്രതീക്ഷിച്ചു. കിട്ടിയില്ല. സ്ഥിരം മദ്യപര്‍ എന്നെ പുച്ഛിച്ചു. മറ്റുള്ളവര്‍ രണ്ടുദിവസം കഴിഞ്ഞാല്‍ ഇവന്‍ പഴയപടി എന്ന് പറഞ്ഞ് അകറ്റി. ഞാന്‍ വീണ്ടും മദ്യപാനത്തിലേയ്ക്കു തിരിഞ്ഞു. എന്നാല്‍ പുതിയ സംഘത്തില്‍ ചേര്‍ന്നതിനു ശേഷം താന്‍ കുടിച്ചിട്ടില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി. ഉള്ളില്‍ പ്രേരണ ഉണ്ടെങ്കിലും കൂട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് കൂട്ടായ ആശ്വാസം നല്‍കുന്നു- അയാള്‍ പറഞ്ഞു നിര്‍ത്തി.












Click it and Unblock the Notifications