നവാസ് ഷെരീഫിന് വധശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി തള്ളി
കറാച്ചി: പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വധ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പട്ടാള ഭരണകൂടം സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ സിന്ധ് ഹൈക്കോടതി തള്ളി.
ഒക്ടോബര്‍ 30 തിങ്കളാഴ്ച സിന്ധ് ഹൈക്കോടതിയുടെ പ്രത്യേക അപ്പലേറ്റ് ബഞ്ചാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്. വിമാനറാഞ്ചല്‍, ഭീകര പ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് നവാസ് ഷെരീഫിനെ തൂക്കിലേറ്റാന്‍ പാക്് പട്ടാളഭരണകൂടം നീക്കം നടത്തിയത്. ഇപ്പോഴത്തെ പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിനെ 1999 ഒക്ടോബറില്‍ വിമാനത്തില്‍ വച്ച് അപായപ്പെടുത്താന്‍ ഷെരീഫ് ഗൂഡാലോചന നടത്തിയെന്നാണ് അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.
ഈ കേസുകളില്‍ ഷെരീഫും അദ്ദേഹത്തിന്റെ സഹോദരന്‍ ഷഹബാസ് ഷെറീഫും മറ്റ് അഞ്ച് പേരും അനുഭവിക്കുന്ന രണ്ട് ജീവപര്യന്തം തടവുകളില്‍ ഒരെണ്ണവും പ്രത്യേക കോടതി റദ്ദാക്കി. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഷെരീഫിനും മറ്റുള്ളവര്‍ക്കും വിധിച്ചിരിക്കുന്ന ജീവപര്യന്തമാണ് കോടതി റദ്ദു ചെയ്തിരിക്കുന്നത്.
എന്നാല്‍ വിമാന റാഞ്ചല്‍ സംബന്ധിച്ച ശിക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഈ കേസിലും ഷെരീഫിന് വെറും മൂന്നു വര്‍ഷത്തെ തടവു ശിക്ഷ നല്‍കിയാല്‍ മതിയെന്ന് ഒരു ജഡ്ജി ശക്തിയായി വാദിച്ചു.
നികുതി തട്ടിപ്പിന്റെ പേരില്‍ ഷെരീഫിന് 14 വര്‍ഷത്തെ മറ്റൊരു തടവു ശിക്ഷയും അനുഭവിക്കാനുണ്ട്. ഇപ്പോള്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ് നേതാവായ നവാസ് ഷെരീഫിനെ അട്ടിമറിച്ചാണ് പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫ് അധികാരം പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ തന്നെ പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാക്കാനും തന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും പട്ടാള ഭരണകൂടം കെട്ടിച്ചമച്ചവയാണ് തനിക്കെതിരേയുള്ള കേസുകള്‍ എന്ന് ഷെരീഫ് വാദിക്കുന്നു .












Click it and Unblock the Notifications