സെപ്സിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്
കൊച്ചി : കൊച്ചി കയറ്റുമതി സംസ്കരണ മേഖലയിലെ (സെപ്സ്) പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സെപ്സ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കയറ്റുമതി സംസ്കരണ മേഖലയില്‍ ഉപ്പോള്‍ മിന്നല്‍ പണിമുടക്കും ഉപരോധ സമരവും അരങ്ങേറുകയാണ്.
കഴിഞ്ഞ ദിവസം തൊഴിലാളികള്‍സെപ്സിന്റെ പ്രവേശന കവാടം ഉപരോധിക്കുകയും മുഴുവന്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. വിദേശ നിക്ഷേപവും സാങ്കേതിക സഹകരണവുമുള്ള ഈ യൂണിറ്റുകളില്‍ സമരം മൂലം വിദേശത്തു നിന്ന് എത്തുന്ന പ്രതിനിധികള്‍ക്ക് സെപ്സിനെക്കുറിച്ച് മോശമായ അഭിപ്രായമാണുള്ളതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇത് യൂണിറ്റുകളുടെ വികസനത്തെ ബാധിച്ചേക്കാം.
ഏതെങ്കിലും ഒരു യൂണിറ്റില്‍ പ്രശ്നമുണ്ടായാല്‍ മുഴുവന്‍ യൂണിറ്റുകളേയും സ്തംഭിപ്പിക്കുന്ന നയമാണ് തൊഴിലാളികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ഇടപെട്ട് നിരുത്സാഹപ്പെടുത്തണം. ആകെ അമ്പത് യൂണിറ്റുകളാണ് സെപ്സില്‍ പ്രവര്‍ത്തിക്കുന്നത്. 6000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഇവിടെ തൊഴില്‍ ലഭിക്കുന്നുണ്ട്. സമാധാനപരമായ അന്തരീക്ഷമുണ്ടെങ്കില്‍മാത്രമേ കയറ്റുമതി മേഖല വികസിക്കുകയുള്ളൂവെന്നും ഭാരവാഹികള്‍ പറഞ്ഞു.
സെപ്സ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. ജഹാംഗീര്‍, സെക്രട്ടറി തോമസ് ജോണ്‍, വൈസ് പ്രസിഡന്റ് മദന്‍ മോഹന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടതാണിത്.
ഈ വര്‍ഷം 300 കോടി രൂപയാണ് സെപ്സിലെ വിറ്റുവരവ്. സമരവും മറ്റും ഇല്ലാതെയായാല്‍ വിറ്റുവരവ് ഇതിലും കൂടും. എന്നാല്‍ സെപ്സിന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോകുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.












Click it and Unblock the Notifications