ഉദ്യോഗസ്ഥര്‍ക്ക് താത്തയുടെ മൊബൈല്‍ സമ്മാനം
കൊല്ലം: കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതി ഹയറുന്നീസ എന്ന താത്ത തന്റെ മദ്യവ്യാപാരത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി എക്സൈസ് , പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സമ്മാനിച്ചിരുന്നതായി അറിയുന്നു.
ഇതേപ്പറ്റി സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് രഹസ്യാന്വേഷണം തുടങ്ങി. ഹയറുന്നീസ ആകെ ഏഴ് മൊബൈല്‍ ഫോണുകള്‍ വാങ്ങിയിരുന്നു. ഇതില്‍ അഞ്ചെണ്ണം അവരും സഹായികളും തന്നെയാണ് ഉപയോഗിച്ചിരുന്നത്. ശേഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ എവിടെപ്പോയിയെന്ന അന്വേഷണമാണ് ഇവ ഹയറുന്നീസ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചതാണെന്ന് കണ്ടെത്തിയത്.
ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് ഈ രണ്ടു മൊബൈലുകളെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. ഇവ രണ്ടും ചാത്തന്നൂരിലെ ഉയര്‍ന്ന പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരാണ് ഉപയോഗിച്ചിരുന്നതെന്ന് രഹസ്യവിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. സെല്ലുലാര്‍ ഫോണ്‍ കമ്പനികളുമായി ബന്ധപ്പെട്ട് ഇവയുടെ നമ്പറുകള്‍ കണ്ടെടുക്കാന്‍ ശ്രമം നടക്കുന്നു.
പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരാണ് ഇതിന്റെ ഉപയോക്താക്കളെന്ന് തെളിഞ്ഞാല്‍ ഹയറുന്നീസയുടെ മാഫിയ സംഘത്തിന് പൊലീസ്, എക്സൈസ് വകുപ്പുകള്‍ നല്‍കിയ സഹായസഹകരണങ്ങളും പ്രതിഫലമായി സ്വീകരിച്ച പാരിതോഷികങ്ങളും വെളിച്ചത്താകും.












Click it and Unblock the Notifications