മദ്യദുരന്തം : കൊച്ചനിയനെയും പ്രതിയാക്കി
തിരുവനന്തപുരം : ഒളിവില്‍ കഴിയുന്ന അബ്കാരി കോണ്‍ട്രാക്ടര്‍ കൊച്ചനിയന്‍ ഉള്‍പ്പടെ മൂന്ന് പേരെക്കൂടി പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കൊച്ചനിയുടെ ഡ്രൈവര്‍ അനില്‍കുമാര്‍, വ്യാജമദ്യ വിതരണക്കാരനായ കടയ്ക്കാവൂര്‍ സ്വദേശി മണി എന്നിവരെ കൂടി പ്രതികളാക്കി ഐജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പരവൂര്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഒക്ടോബര്‍ 30 തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കൊച്ചനിയനാണ് നാലാം പ്രതി. അനില്‍കുമാര്‍, മണി എന്നിവര്‍ അഞ്ചും ആറും പ്രതികളാണ്. ഒന്നാം പ്രതി ഹയറുന്നിസയ്ക്ക് ദുരന്തത്തിനിടയാക്കിയ സ്പിരിറ്റ് നല്‍കിയത് അനില്‍കുമാറാണെന്ന് ബോധ്യപ്പെട്ടതായി അന്വേഷണ സംഘം അറിയിച്ചു.
മദ്യദുരന്തത്തില്‍ കൊച്ചനിയന്റെ ജ്യേഷ്ഠനും അബ്കാരി കോണ്‍ട്രാക്ടറുമായ മണിച്ചന്റെ പങ്കിനെ കുറിച്ച് അന്വേഷണസംഘത്തിന് ഇതുവരെ ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. മണിച്ചന്‍ ഇപ്പോള്‍ ഒളിവിലാണ്. കൊച്ചനിയന്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമം തുടങ്ങിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
മണിച്ചന്റെ മറ്റൊരു സഹോദരന്‍ സുനില്‍ദത്തിന് പള്ളിപ്പുറം മദ്യദുരന്തത്തില്‍ ഉള്ള പങ്കിനെ പറ്റി അന്വേഷണം നടക്കുന്നുണ്ട്. മണിച്ചന്റെയും സഹോദരന്മാരുടെയും ഗോഡൗണുകളിലും വീടുകളിലും റെയ്ഡ് തുടരുകയാണ്. കൊച്ചനിയന്റെയും സംഘത്തിന്റെയും 16 വാഹനങ്ങള്‍ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications