യുഡിഎഫ് ഹര്‍ത്താല്‍: ചിലയിടങ്ങളില്‍ അക്രമം
തിരുവനന്തപുരം: നവംബര്‍ ഒന്ന് ബുധനാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചു.
പുനലൂരില്‍ ഒരു ലോറിക്ക് കേടുപാട് വരുത്തുകയും ഒരു ബാറിനു നേരെ കല്ലെറിയുകയും ചെയ്ത ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മൂന്ന് കോണ്‍ഗ്രസ് (ഐ) പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.
കോട്ടയത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലയ്ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തി. അക്രമം കണ്ട് ഭയന്ന തമിഴ്നാട് സ്വദേശിയായ വെങ്കിടാചലം ബിവറേജസ് കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ ചാടിയതിനെ തുടര്‍ന്ന് കാലൊടിഞ്ഞു. കോട്ടയത്ത് മംഗളം പത്രമോഫീസിനു നേര്‍ക്കും അക്രമമുണ്ടായി.
കോഴിക്കോട്ട് അര്‍മപുരത്തുണ്ടായ കല്ലേറില്‍ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രസയില്‍ നിന്ന് പുറത്തുവരുമ്പോള്‍ ഫരിസി (12)ന്റെ തലക്ക് കല്ല് കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു.
കരുനാഗപ്പള്ളിയിലും തളിപ്പറമ്പിലും തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബാറുകള്‍ക്ക് തീവെച്ചു. തിരുവനന്തപുരത്തെ അമ്പൂരിയില്‍ ഒരു മദ്യഷാപ്പ് തകര്‍ത്തു. തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ കല്ലേറുണ്ടായി.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.












Click it and Unblock the Notifications