പരുമല ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി
മാന്നാര്‍ : രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരുമല പള്ളി പെരുന്നാളിന് നവംബര്‍ ഒന്ന് ബുധനാഴ്ച തുടക്കമായി. പുതുക്കിയ പള്ളിയിലാണ് പരുമല തിരുമേനിയുടെ 90-ാമത് ഓര്‍മ്മപ്പെരുന്നാള്‍ നടക്കുന്നത്.
പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തി, മാവേലിക്കര, തുമ്പമണ്‍, വെണ്ണിക്കുളം, കല്ലൂപ്പാറ, കോട്ടയം, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മറ്റ് ഇടവകകളില്‍ നിന്നുമുള്ള പദയാത്രകള്‍ ബുധനാഴ്ച 11 മണിയോടെ പരുമലയിലെത്തിച്ചേരും.
ആദ്യം എത്തുന്ന പദയാത്രാ സംഘത്തെ സെമിനാരി മാനേജര്‍ പി.എം.ഗീവര്‍ഗീസ് റമ്പാന്‍ മെഴുകുതിരി നാളവുമായി സ്വീകരിക്കും. നവംബര്‍ ഒന്ന് ബുധനാഴ്ച രാവിലെ ആറ് മണിക്ക് കുര്‍ബാന നടന്നു. ഏഴരമണിക്ക് പൗലോസ് മാര്‍ മിലിത്തിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു.
നവംബര്‍ രണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് നിയുക്ത കാതോലികാ തോമസ് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയുടെ മുഖ്യകാര്‍മികത്വം പരിശുദ്ധ കാതോലികാബാവയ്ക്കാണ്.
വാഴ്വും വിദ്യാര്‍ത്ഥി പ്രസ്ഥാന സമ്മേളനവും ഗാനശുശ്രൂഷയും പെരുന്നാളിന്റെ ഭാഗമായി നടക്കും. ഉച്ചക്ക് രണ്ടിനാണ് റാസ. വൈകുന്നേരത്തോടെ സമാപന ആശീര്‍വാദവും കൊടിയിറക്കും നടക്കും.












Click it and Unblock the Notifications