കേരള ഐ ടി മേള നവംബറില്‍
ബാംഗ്ലൂര്‍: സംസ്ഥാന വിവരസാങ്കേതിക വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ഐ ടി മേള നടത്തും. നവംബര്‍ 23 മുതല്‍ 25 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിക്കുന്നത്. ഐ ടി വകുപ്പ് സെക്രട്ടറി അരുണാ സുന്ദര്‍രാജ് അറിയിച്ചതാണിത്.
വിവരസാങ്കേതികരംഗത്തെ കേരളത്തിന്റെ സാധ്യതകള്‍ കമ്പനികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ മേളയില്‍ 170 ഓളം കമ്പനികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബാംഗ്ലൂരിലെ ഐടി. കോം മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന അരുണാ സുന്ദര്‍രാജ് പ്രമുഖ ഐ ടി കമ്പനികളുടെ തലവന്‍മാരുമായി ചര്‍ച്ചകള്‍ നടത്തി.
വിവരസാങ്കേതികരംഗത്ത് കേരളം ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അരുണാസുന്ദര്‍രാജ് പറഞ്ഞു. ഒപ്ടിക്കല്‍ഫൈബറുകള്‍ വഴി നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനം ഐ ടി രംഗത്ത് വന്‍കുതിച്ചുചാട്ടത്തിനു കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
റിലയന്‍സ്, ബി പി എല്‍, ഏഷ്യാനെറ്റ്, ഫിനോലെക്സ്, ലൂക്ക്സെന്റ്, എസ്കോട്ടെല്‍, ഡിഷ്നെറ്റ് എന്നീ കമ്പനികള്‍ വിവരസാങ്കേതിക രംഗത്ത് പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ കമ്പനികള്‍ മുന്നോട്ടു വരുമെന്നാണ് വിവരസാങ്കേതിക വകുപ്പിന്റെ പ്രതീക്ഷ.
സുതാര്യമായ ഭരണവ്യവസ്ഥിതിക്ക് 100 കോടിയുടെ ഇ-ഗവേര്‍ണന്‍സ് പദ്ധതി കേരളത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണെന്ന് അരുണാസുന്ദര്‍രാജ് പറഞ്ഞു. ജില്ലാപഞ്ചായത്ത് ഓഫീസുകളേയും ഗ്രാമപഞ്ചായത്ത് ഓഫീസുകളേയും കംപ്യൂട്ടര്‍ ശൃംഗല വഴി ബന്ധിപ്പിക്കുന്ന 43 കോടിയുടെ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും. ഡിസംബറില്‍ 14 ജില്ലകളിലും ഓരോ രജിസ്ട്രേഷന്‍ ഓഫീസ് പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിക്കും.
250 കോടി മൂലധനത്തോടെ കൊച്ചിയില്‍ സ്ഥാപിക്കുന്ന ഐ ടി പാര്‍ക്കിന്റെ പ്രാംരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.2001 അവസാനത്തോടെ ഇതിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാവും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ഐ ടി വ്യവസായസംരംഭര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അരുണാ സുന്ദര്‍രാജ് പറഞ്ഞു.












Click it and Unblock the Notifications