കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം വര്‍ദ്ധിക്കുന്നു
കൊച്ചി: കേരളത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം വര്‍ദ്ധിക്കുന്നു. എറണാകുളം കേന്ദ്രമാക്കി നടത്തിയ ഒരു സര്‍വേയിലാണ് ഈ വിവരം വ്യക്തമാകുന്നത്. 12 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് സാക്ഷരകേരളത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്ന ഈ വിവരം വെളിപ്പെട്ടത്. പഠനവിധേയമായ കുട്ടികളില്‍ 41 ശതമാനവും വിവിധതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.
തോരാത്ത കണ്ണീര്‍ ...? സാമൂഹ്യസംഘടനകളായ ടോര്‍ച്ചര്‍ പ്രിവന്‍ഷന്‍ സെന്റര്‍, പിപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് , കൊച്ചിന്‍ മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
ഈ വര്‍ഷം ജൂലായ്- സപ്തംബര്‍ മാസങ്ങളിലാണ് സര്‍വേ നടത്തിയത്. എറണാകുളത്തെ 17 സ്കൂളുകളില്‍ നിന്നായി പതിനായിരം കുട്ടികളെ പങ്കെടുപ്പിച്ചായിരുന്നു സര്‍വേ. ഇവരില്‍ 46 ശതമാനം ആണ്‍കുട്ടികളും 38 ശതമാനം പെണ്‍കുട്ടികളും ശാരീരിക, മാനസിക , ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. മറ്റുപലതരത്തിലുമുള്ള പീഡനങ്ങള്‍ ഇവര്‍ അനുഭവിക്കുന്നുണ്ടത്രേ.
പെണ്‍കുട്ടികളില്‍ എട്ടു ശതമാനത്തോളം സ്വന്തം വീട്ടില്‍ നിന്നും ലൈംഗികപീഡനം അനുഭവിക്കുന്നവരാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് നാല് ശതമാനം മാത്രമാണ്. ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് ഏറെയും ശാരീരികമായാണ്.
പെണ്‍കുട്ടികള്‍ക്ക് പൊതുസ്ഥലത്തു നിന്നുള്ള പീഡനം വളരെ കൂടുതലാണ്. ഇതിലധികവും മാനസികപീഡനമാണ്. സ്കൂളിലും വീട്ടിലും അനുഭവിക്കുന്നതിലേറെ പീഡനം പൊതുസ്ഥലങ്ങളില്‍ നിന്നാണ് അവര്‍ ഏറ്റുവാങ്ങുന്നത്.
രാജ്യത്താദ്യമായാണ് ഈ വിഷയത്തെക്കുറിച്ച് ഇത്ര വ്യാപകമായ പഠനം നടക്കുന്നതെന്ന് സാമൂഹ്യസംഘടനാ ഭാരവാഹികള്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications