മദ്യമാഫിയ- രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധവും അന്വേഷിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യമാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള ബന്ധവും വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ . നവംബര്‍ നാല് ശനിയാഴ്ച ഇതേക്കുറിച്ചാലോചിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയതിനു ശേഷം പ്രത്യേകപത്രക്കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ മദ്യമാഫിയ- രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധവും ഉള്‍പ്പെടുത്തണമെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സര്‍വകക്ഷിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആകുന്നതിനു മുമ്പെ പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. യോഗത്തില്‍ താന്‍ ഇക്കാര്യം പ്രസ്താവിച്ചുകൊണ്ടിരിക്കെയാണ് പ്രതിപക്ഷം അതു കേള്‍ക്കാതെ ഇറങ്ങിപ്പോയത്.
അന്വേഷണക്കമ്മീഷന്റെ പരിധിയില്‍പ്പെടുന്ന കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നും ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്ന അതേ നിലപാടാണ് ഈ സര്‍ക്കാരും കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുമ്പെങ്ങും അന്വേഷണക്കമ്മീഷനുകളുടെ പരിധിയില്‍ വരേണ്ടകാര്യങ്ങള്‍ പ്രതിപക്ഷവുമായി ആലോചിച്ച കീഴ്വഴക്കമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളുടെയും കാഴ്ചപ്പാടും നിര്‍ദ്ദേശങ്ങളും കണക്കിലെടുത്തായിരിക്കും അന്വേഷണക്കമ്മീഷന്റെ പരിധിയില്‍ പെടുത്തേണ്ട വിഷയങ്ങളെപ്പറ്റി മന്ത്രിസഭ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മേലില്‍ വിഷമദ്യദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കും. ഇക്കാര്യത്തിലും വിവിധ കക്ഷിനേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിന് ഹൈക്കോടതി ജഡ്ജിയുടെ സേവനം വിട്ടുകിട്ടുന്നതിന് താന്‍ ചീഫ്ജസ്റ്റീസിന് കത്തെഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടുകിട്ടുമോയെന്ന കാര്യത്തില്‍ സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷനേതാവ് എ.കെ.ആന്റണി സംശയമുന്നയിച്ചിരുന്നു. അന്വേഷണപരിധിയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ തീരുമാനിച്ചാലുടന്‍ തന്നെ അന്വേഷണത്തെ സംബന്ധിച്ച ഔദ്യോഗിക ഉത്തരവുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിച്ചില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ ആരോപിച്ചു. സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തോടുള്ള സര്‍ക്കാര്‍ സമാപനം അങ്ങേയറ്റത്തെ അവഗണനയോടെയായിരുന്നുവെന്നും ശങ്കരനാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications