വിമാനക്കമ്പനി ഓഫീസുകള്‍ ഉപരോധിക്കുന്നു
കോഴിക്കോട് : കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ ഇരുപതിലധികം സംഘടനകള്‍ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ഓഫീസുകള്‍ ഉപരോധിക്കുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുള്‍പ്പെയുള്ള ആവശ്യങ്ങളുമായി നവംബര്‍ എട്ട് ബുധനാഴ്ചയാണ് വിമാനക്കമ്പനി ഓഫീസുകള്‍ ഉപരോധിക്കുന്നത്.
ഗള്‍ഫ് യാത്രക്കാരില്‍ നിന്നും അമിതകൂലിയും യൂസേഴ്സ് ഫീയും ഈടാക്കുന്നത് നിര്‍ത്തുക, കരിപ്പൂര്‍ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുക, അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട്ട് നിന്നും നേരിട്ട് ഹജ് സര്‍വീസ് തുടങ്ങുക, സീസണ്‍ കഴിഞ്ഞാലും ജെദ്ദയിലേക്കുള്ള സര്‍വീസ് തുടരുക തുടങ്ങിയവയാണ് തങ്ങളുടെ ആവശ്യങ്ങളെന്ന് ചേംബര്‍ പ്രസിഡന്റ് ഡോ.കെ.മൊയ്തു നവംബര്‍ ആറ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ ഹജ് യാത്രക്കാരില്‍ കൂടുതലും മലബാര്‍ ഭാഗത്തുനിന്നുള്ളവരാണ്.ഇപ്പോള്‍ അവര്‍ക്കെല്ലാം ഹജ് യാത്രക്ക് മറ്റു നഗരത്തിലെ വിമാനത്താവളത്തെ ആശ്രയിക്കേണ്ടിവരുന്നുണ്ട്.
ഷാര്‍ജാ ആസ്ഥാനമായുള്ള എയര്‍പോര്‍ട്ട് യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി റമീള സുഖ്ദേവ്, പ്രവാസി മലയാളി കൗണ്‍സില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി പവിത്രന്‍ വെള്ളയില്‍, ക്രിസ്ത്യന്‍ ചര്‍ച്ചസ് കൗണ്‍സില്‍ പ്രസിഡന്റ് ഫാ.ഡോ. വിന്‍സന്റ് മോസസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications