കുഞ്ഞ് മരിച്ചു ; ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി
തിരുവനന്തപുരം : ചികിത്സയില്‍ വന്ന അനാസ്ഥ മൂലം കുഞ്ഞ് മരിച്ചതിന് ഡോക്ടറും ആശുപത്രിയും ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.
നെട്ടയം സ്വദേശികളായ ശ്രീധരന്‍ നായരും മകള്‍ ബീനയും സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ തിരുവനന്തപുരം ശ്രീരാമകൃഷ്ണാ മിഷന്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ദനായ ഡോ.ജയമണിയോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ഫോറം ആവശ്യപ്പെട്ടിരിക്കുന്നത്.
1996 ഫിബ്രവരിയില്‍ ബീനയുടെ ആണ്‍കുഞ്ഞിന് വയറിളക്കമുണ്ടായതിനെ തുടര്‍ന്ന് ഡോ.ജയമണിയുടെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡോ.ജയമണി ആശുപതിയില്‍ എത്തുകയോ കുഞ്ഞിനെ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വേറെ ഡോക്ടര്‍മാരും ഇല്ലായിരുന്നതിനാല്‍ കുഞ്ഞിന്റെ നില വഷളായി. ഫിബ്രവരി 27ന് കുഞ്ഞ് മരിക്കുകയും ചെയ്തു.
സംഭവദിവസം താന്‍ അവധിയിലായിരുന്നു എന്നാണ് ഡോക്ടര്‍ ഫോറം മുമ്പാതെ ബോധിപ്പിച്ചത്. എന്നാല്‍ രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍ അവധി പോലുള്ള സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒരു ഡോക്ടര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാവില്ലെന്ന് ഫോറം വ്യക്തമാക്കി. മെഡിക്കല്‍ ചെലവിനത്തില്‍ 15,000 രൂപയും മറ്റ് ചെലവുകള്‍ക്കായി 2,500 രൂപയും നല്‍കാനും ഉത്തരവായിട്ടുണ്ട്.












Click it and Unblock the Notifications