ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കണം: ജെത്മലാനി
കൊച്ചി: ഇന്ത്യയില്‍ വിപുലമായ അധികാരങ്ങളുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് മുന്‍ കേന്ദ്ര നിയമ കാര്യമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ രാംജെത്മലാനി.
ബിഗ് ഈഗോസ് സ്മോള്‍ മെന്‍ പ്രകാശന കര്‍മ്മം ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ പൂര്‍ണപരാജയമാണെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുകയാണ് ഇതിന് പോംവഴിയെന്നും ജെത്മലാനി ചൂണ്ടിക്കാട്ടി. രാജ്യത്തെ കോടതിയലക്ഷ്യനിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ രചിച്ച വിവാദപുസ്തകം ബിഗ് ഈഗോസ് സ്മോള്‍ മെന്‍ എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനത്തിന് ശേഷം നവംബര്‍ ആറ് തിങ്കളാഴ്ച കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെക്കുറിച്ചും താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ മറുപടി കണ്ടെത്താനോ രാജ്യത്തെ പത്രലോകം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ജെത്മലാനി പറഞ്ഞു.
സുപ്രിംകോടതി ചീഫ് ജസ്റ്റീസ് എ.എസ്.ആനന്ദിനെതിരേ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് താന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. 1964 ല്‍ ഇംഗ്ലണ്ടില്‍ നിയമപഠനത്തിന് ജസ്റ്റീസ് ആനന്ദ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം അദ്ദേഹം ജനിച്ചത് 1934 ലാണ്. അങ്ങനെയാണെങ്കില്‍ ന്യായാധിപ പദവിയില്‍ നിന്നും അദ്ദേഹം വിരമിക്കേണ്ട കാലം കഴിഞ്ഞു. ഈ ആരോപണം തെറ്റാണെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത ചീഫ്ജസ്റ്റീസിനുണ്ട്.
ജഡ്ജിമാരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും വിപുലമായ അധികാരങ്ങളുള്ള ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാത്തിടത്തോളം ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ല. രാജ്യത്തെമ്പാടുമുള്ള നിയമവിദഗ്ധരും ബുദ്ധിജീവികളും ഈ ആശയത്തെ അനുകൂലിച്ചിരുന്നു.
ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യത്തെ ശക്തിയായി പിന്താങ്ങിയിരുന്ന ജസ്റ്റീസ് വി ആര്‍ കൃഷ്്ണയ്യര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും ഇതില്‍ തനിക്ക് പരാതിയുണ്ടെന്നും ജെത്മലാനി പറഞ്ഞു.
അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിക്കെതിരേയും ജെത്മലാനി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. രാജ്യത്തെ മറ്റേതെങ്കിലുമൊരു അഭിഭാഷകനാണെങ്കില്‍ ഡീ ബാര്‍ ചെയ്യപ്പെടാമായിരുന്ന പ്രവര്‍ത്തനങ്ങളാണ് സോളി സൊറാബ്ജി നടത്തുന്നത്. ആയിരം കോടി വെട്ടിച്ച ഹിന്ദുജമാര്‍ക്ക് നിയമോപദേശം നല്‍കുന്ന സോളി സൊറാബ്ജിക്ക് സര്‍ക്കാരിന് വേണ്ടി നിലകൊള്ളാന്‍ കഴിയില്ലെന്നും ജെത്മലാനി കൂട്ടിച്ചേര്‍ത്തു. ജെത്മലാനിയുടെ വിവാദപുസ്കത്തിന്റെ കേരളത്തിലെ പ്രകാശനം മുന്‍മന്ത്രി കെ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.












Click it and Unblock the Notifications