നെടുമ്പാശേരി: ക്രമക്കേടുകള്‍ ഡിഐജി അന്വേഷിക്കും
കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാപകമായി നടക്കുന്ന ഇമിഗ്രേഷന്‍ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല ഡിഐജി പോള്‍ ലെസ്ലി ഏറ്റെടുത്തു.നവംബര്‍ ആറ് തിങ്കളാഴ്ചയാണ് അദ്ദേഹം ചുമതലയേറ്റത്.തമിഴ്പുലികളുടെ സുരക്ഷിത യാത്രാകവാടമായി നെടുമ്പാശേരി മാറിയെന്നും ആവശ്യമായ രേഖകളില്ലാതെ വീട്ടുജോലിക്കും മറ്റുമായി വനിതകളെ കടത്തിവിടുന്നെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.
വ്യാജക്ലിയറന്‍സ് സംബന്ധിച്ചുള്ള പൊതുതാല്പര്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.വിമാനത്താവളത്തില്‍ വ്യാജക്ലിയറന്‍സ് നടക്കുന്നത് സംബന്ധിച്ച് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചതായി ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു.
കൊച്ചി റീജിണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെയും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെയും വ്യാജസീലും മറ്റ് സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാക്കി യാത്രക്കാരെ കടത്തിവിടുന്ന റാക്കറ്റിനെ കുറിച്ചാണ് പ്രധാന അന്വേഷണം.പാളിച്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഡിവൈഎസ് പി പ്രഭയെ സ്ഥലം മാറ്റിയിരുന്നു.
ഇതേ വിഭാഗത്തിലെ സബ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍ സസ്പെന്‍ഷനിലാണ്.സതീഷ്കുമാര്‍ ,ഹെഡ് കോണ്‍സ്റബിള്‍ ബിജു എന്നിവര്‍ക്കെതിരെ കേസും രജിസ്റര്‍ ചെയ്തിട്ടുണ്ട്.
തിങ്കള്‍,ചൊവ,ബുധന്‍ ദിവസങ്ങളിലാണ് വ്യാജ ക്ലിയറന്‍സ് കൂടുതലായി നടക്കുന്നത്.മസ്കറ്റ് ,ദുബായ് ഫ്ലൈറ്റുകളിലാണ് വ്യാജ ക്ലിയറന്‍സിലൂടെ കൂടുതലും ആളുകളെ കടത്തിവിടുന്നത്.ഒരു യാത്രക്കാരന്റെ കയ്യില്‍ നിന്നും ചുരുങ്ങിയത് നാലായിരം രൂപ ഇതിനുവേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൈപ്പറ്റുന്നുണ്ടെന്നാണ് ആരോപണം .തമിഴ്നാട്ടില്‍ നിന്നും വ്യാജപാസ്പോര്‍ട്ടുമായി എത്തുന്ന തമിഴ് പുലികളെ പണം വാങ്ങി കടത്തിവിടുന്നുവെന്ന പരാതിയും അന്വേഷണത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.50,000 രൂപ വരെ ഇതിനായി ഇടനിലക്കാര്‍ വഴി കൈമാറിയിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications