മന്ത്രിയുടെ സഹോദരന്‍ മാനേജരായ ഹോട്ടലിന് ബാര്‍
തിരുവനന്തപുരം : എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്റെ സഹോദരന്‍ ജനറല്‍ മാനേജരായ ഹോട്ടലിന് ബാര്‍ ലൈസന്‍സ് കിട്ടാന്‍ സര്‍ക്കാര്‍ ഒത്താശ നല്‍കിയതായി ആരോപണം.
ശിവദാസമേനോന്റെ സഹോദരന്‍ ജനറല്‍ മാനേജരായ മലമ്പുഴയിലെ ഗോവര്‍ധന ഹോട്ടലിനാണ് സുപ്രീം കോടതി വിധി പ്രകാരം ബാര്‍ ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ഒത്താശ നല്‍കിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്.
നവംബര്‍ രണ്ടിനാണ് ക്ലാസിഫൈഡ് റസ്റാറന്റ് എന്ന വകുപ്പില്‍ ഗോവര്‍ധനയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. ക്ലാസിഫൈഡ് റസ്റാറന്റ് എന്ന വിഭാഗം സര്‍ക്കാരിന് താല്‍പര്യമുള്ളവര്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കാനായി രൂപീകരിച്ചതാണെന്ന് ആക്ഷേപമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു വിഭാഗത്തിന്റെ മാനദണ്ഡം വ്യക്തമായി നിശ്ചയിച്ചിട്ടില്ല.
സ്വകാര്യമേഖലയില്‍ മൂന്ന്, നാല്, അഞ്ച് നക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയുള്ളു. ക്ലാസിഫൈഡ് റെസ്റാറന്റിനും ഹെറിറ്റേജ് ഹോട്ടലിനും ബാര്‍ ലൈസന്‍സ് നല്‍കാമെന്ന് 1998ലെ അബ്കാരി നയത്തില്‍ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ക്ലാസിഫൈഡ് റസ്റാറന്റ് പദവി വ്യാപകമായ ദുരുപയോഗത്തിന് വഴിവയ്ക്കുമെന്നതിനാല്‍ അബ്കാരി ആക്ടില്‍ നിന്നും അത് നീക്കം ചെയ്യണമെന്ന് എക്സൈസ് കമ്മീഷണറേറ്റ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.












Click it and Unblock the Notifications