മാണി ഗ്രൂപ്പ് ബിജെപിയുമായി ധാരണയുണ്ടാക്കും
കോട്ടയം: യുഡിഎഫില്‍ നിന്നുകൊണ്ട് പരമാവധി സ്ഥലങ്ങളില്‍ ബിജെപിയുമായി ധാരണ തുടരാന്‍ കേരളാ കോണ്‍ഗ്രസ്- എം നേതൃയോഗം തീരുമാനിച്ചു.
പാര്‍ട്ടി നേതാവ് കെ.എം.മാണിയുടെ സാന്നിദ്ധ്യത്തില്‍ നവംബര്‍ ആറ് തിങ്കളാഴ്ച രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ഈ തീരുമാനമുണ്ടായത്. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളും എംഎല്‍എമാരും എംപിയും പങ്കെടുത്ത യോഗം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് സമാപിച്ചത്.
പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ്.തോമസും മുന്‍ എംപി ജോയി നടുക്കരയും ബിജെപി ബന്ധത്തെ ആദ്യം മുതല്‍ എതിര്‍ത്തെങ്കിലും യോഗാവസാനത്തില്‍ കെ.എം.മാണി നേരിട്ടിടപെട്ട് ധാരണയുണ്ടാക്കുകയായിരുന്നു.
പി.സി.തോമസ് എംപിയുടെ നേതൃത്വത്തിലാണ് ബിജെപി അനുകൂലികള്‍ അണിനിരന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു കൂടി സമ്മതരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന് ഇവര്‍ വാദിച്ചു.
യുഡിഎഫില്‍ നിന്നു തന്നെ സിപിഎമ്മുമായി ധാരണയുണ്ടാക്കിയ മുസ്ലിം ലീഗിന്റെ നിലപാട് പിന്തുടരണമെന്നായിരുന്നു ബിജെപി അനുകൂലികളുടെ വാദം. ലീഗിനെ വിമര്‍ശിക്കാനോ താക്കീതു ചെയ്യാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല എന്നത് അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ബിജെപി ബന്ധം കേരള കോണ്‍ഗ്രസ്സിന്റെ പ്രധാന ശക്തിയായ ക്രിസ്ത്യന്‍ വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകത്തുമെന്ന് ബിജെപി ബന്ധത്തെ എതിര്‍ക്കുന്നവര്‍ വാദിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ബിജെപി ദേശീയ തലത്തില്‍ പുലര്‍ത്തുന്ന ശത്രുതാ മനോഭാവം കാരണം അവരുമായി ബന്ധമുണ്ടാക്കുന്ന പാര്‍ട്ടി അനുഭാവികളായ ക്രിസ്ത്യാനികളെ ജോസഫ് ഗ്രൂപ്പില്‍ കൊണ്ടുചെന്നെത്തിക്കുമെന്ന് അവര്‍ സമര്‍ത്ഥിച്ചു.
യോഗത്തിന്റെ ഒടുവില്‍ നടത്തിയ ഉപസംഹാര പ്രസംഗത്തില്‍ മാണി ബിജെപിയുമായി ധാരണയുണ്ടാക്കുന്നതിനെ അനുകൂലിച്ചതോടെയാണ് ചര്‍ച്ചകള്‍ അവസാനിച്ചത്.












Click it and Unblock the Notifications