ഇന്ത്യന്‍ എക്സ്പ്രസിന് മുന്നില്‍ ധര്‍ണ്ണ
കൊച്ചി : ന്യു ഇന്ത്യന്‍ എക്സ്പ്രസ് മാനേജ്മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
പത്രവ്യവസായത്തില്‍ ശമ്പളപരിഷ്കരണം നടപ്പാക്കുന്നത് അട്ടിമറിക്കാനുള്ള പത്രമുതലാളിമാരുടെ നീക്കത്തെ ശക്തിയായി എതിര്‍ക്കുമെന്ന് നവംബര്‍ എട്ട് ബുധനാഴ്ച നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എച്ച് എംഎസ് അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ് പറഞ്ഞു. ന്യു ഇന്ത്യന്‍ എക്സ്പ്രസിന്റെ കോഴിക്കോട്, തിരുവനന്തപുരം എഡിഷനുകളിലെ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന തരത്തില്‍ ക്ലാസ് താഴ്ത്തിയ നടപടി കടുത്ത അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ലാസ് താഴ്ത്തിയ നടപടിക്കെതിരെ യൂണിയന്‍ ഹൈക്കോടതിയുടെയും ലേബര്‍ കമ്മീഷണര്‍ മുമ്പാകെയും പരാതി നല്‍കിയിട്ടുണ്ടെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോര്‍ജ്ജ് അറിയിച്ചു.
മാനേജുമെന്റുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ മാനേജ്മെന്റിന്റെ നിഷേധാത്മക സമീപനം മൂലം പരാജയപ്പെട്ടു. അതിന് പിന്നാലെ അന്യായമായ സ്ഥലം മാറ്റങ്ങളിലൂടെയും അഭിപ്രായ സ്വാതന്ത്യ്ര നിഷേധത്തിലൂടെയും ജീവനക്കാരോട് പകവീട്ടാനും മാനേജ്മെന്റ് മുതിര്‍ന്നു. ഇത്തരം നടപടികളില്‍ നിന്നും പിന്തിരിയണമെന്ന് ജേക്കബ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍.പത്മനാഭന്‍, കോണ്‍ഫെഡറേഷന്‍ നേതാക്കളായ ജയശങ്കര്‍, ലതാനാഥന്‍, ഗൗരിദാസന്‍ നായര്‍, ശാര്‍ങ്ധരന്‍ തുടങ്ങിയവരും പ്രസംഗിച്ചു.












Click it and Unblock the Notifications