യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിയെ കാണും
തിരുവനന്തപുരം: കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവിനെത്തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കേരളത്തിലെ യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രി വാജ്പേയിയെ കാണും.
ഡിസംബര്‍ ആദ്യവാരത്തിലാണ് എംപിമാര്‍ പ്രധാനമന്ത്രിയെ കാണുകയെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍ നവംബര്‍ എട്ട് ബുധനാഴ്ച വ്യക്തമാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും കര്‍ഷകരെ രക്ഷപ്പെടുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര ധനമന്ത്രി, വാണിജ്യമന്ത്രി എന്നിവര്‍ക്കും എംപിമാരുടെ സംഘം നിവേദനം നല്‍കും.
കേന്ദ്രത്തിന്റെ ചില നയങ്ങള്‍ കാരണം കേരളത്തില്‍ മുരടിച്ചു നില്‍ക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ അവസ്ഥയിലേക്കും നിവേദനം മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിക്കും.
അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ണൂരിലും കാസര്‍കോട്ടും ഉണ്ടായ അക്രമത്തെയും തിരിമറികളെയും കുറിച്ച് ബോധിപ്പിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എം.എസ്. ഗില്ലിനെയും സംഘം കാണും. ഭാവിയില്‍ ഇത്തരം സംഭവങ്ങളില്‍ നിന്ന് മതിയായ സംരക്ഷണം നല്‍കണമെന്നും സംഘം കമ്മീഷനോട് ആവശ്യപ്പെടും.
തിരഞ്ഞെടുപ്പിനു ശേഷം റെയ്ഡുകളിലൂടെയും ആക്രമണങ്ങളിലൂടെയും നായനാര്‍ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ പീഡിപ്പിക്കുകയാണെന്നും ശങ്കരനാരായണന്‍ ആരോപിച്ചു.












Click it and Unblock the Notifications