കൗണ്ടര്‍ കോയമ്പത്തൂരിലെന്ന് സൂചന
പാലക്കാട്: വാളയാര്‍ സ്പിരിറ്റ് കേസിലെ മുഖ്യപ്രതി പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വേലുച്ചാമി കൗണ്ടര്‍ കോയമ്പത്തൂരിലെന്ന് സൂചന. എന്നാല്‍ കൗണ്ടറെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. പൊലീസിനു പിടി കൊടുക്കാതെ കോടതിയില്‍ കീഴടങ്ങാനാണ് കൗണ്ടറുടെ നീക്കമെന്നറിയുന്നു.
കൗണ്ടറുടെ തീയേറ്ററില്‍ നിന്ന് സ്പിരിറ്റും വ്യാജച്ചാരായവും പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ മകന്‍ സമ്പത്ത് കുമാറിനെ മധ്യമേഖലാ ഡി ഐ ജി മഹേഷ് കുമാര്‍ സിംഗ്ല ചോദ്യം ചെയ്തു. സ്പിരിറ്റ് കടത്ത് സംബന്ധിച്ച് സമ്പത്ത്കുമാറില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി അറിയുന്നു.
ചോദ്യം ചെയ്യലിനു ശേഷം ഇയാളെ റിമാന്‍ഡിലയച്ചു. സമ്പത്ത്കുമാറിന് കോയമ്പത്തൂരില്‍ രണ്ടു സ്പിരിറ്റ് ഗോഡൗണ്‍ ഉണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പരേതനായ സ്പിരിറ്റു കടത്തുകാരന്‍ ഈശ്വരമൂര്‍ത്തിയുടെ ഭാര്യ രുഗ്മയുടെ സ്പിരിറ്റ് ഏജന്റാണ് സമ്പത്ത് കുമാര്‍.
ഇതിനിടെ കൗണ്ടറുടെയും സമ്പത്ത്കുമാറിന്റെയും നേതൃത്വത്തിലുള്ള സ്പിരിറ്റ് കടത്ത് ലോബിക്ക് പാലക്കാട്ടെ തത്തമംഗലത്തും കണ്ണികളുള്ളതായി സൂചന. അടുത്തയിടെ പുതുനഗരത്ത് വ്യാജമദ്യം പിടിച്ചതുമായി ബന്ധപ്പെട്ട് ഒളിവിലായ തത്തമംഗലത്തെ രവീന്ദ്രന് വേലുച്ചാമി കൗണ്ടറുമായി ബന്ധമുണ്ടെന്നാണ് സൂചനകള്‍.
കൗണ്ടറുടെ വ്യാജവിദേശ മദ്യം ചിറ്റൂര്‍, കൊല്ലങ്കോട് , കൊല്ലം , പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലേയ്ക്ക് അയയ്ക്കുന്നത് രവീന്ദ്രനാണത്രെ. അമ്പതോളം സബ്ഏജന്റുമാര്‍ ഇയാള്‍ക്ക് ചിറ്റൂര്‍ താലൂക്കില്‍ മാത്രമുണ്ടെന്നും അറിയുന്നു. ഇവരില്‍ പലരും ഇപ്പോള്‍ ഒളിവിലാണ്. ചിറ്റൂര്‍, കൊല്ലങ്കോട് റെയ്ഞ്ചുകളിലെ കള്ള് ഷാപ്പുകള്‍ ലേലത്തിലെടുത്തിരിക്കുന്ന കോണ്‍ട്രാക്ടറുടെ റൂട്ട് മാനേജരാണ് രവീന്ദ്രന്‍ എന്നും ചില വിശ്വസനീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications