വിവാഹമോചന നിയമ ഭേദഗതി മന്ത്രിസഭാ പരിഗണനയ്ക്ക്
ദില്ലി: ഇന്ത്യന്‍ വിവാഹമോചന നിയമം (1869) ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രമന്ത്രിസഭ പരിഗണിച്ചേക്കുമെന്ന് അറിയുന്നു. നേരത്തേ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി ജില്ലാകോടതികളുടെ വിധിക്ക് ഹൈക്കോടതി മൂന്നംഗ ബഞ്ചിന്റെ അംഗീകാരം വേണമെന്ന 17-ാം നിയമം ഭേദഗതി ചെയ്തേക്കും.
ഇന്ത്യന്‍ വിവാഹമോചന നിയമവും ക്രിസ്ത്യന്‍ വിവാഹനിയമവും (1872) ഭേദഗതി ചെയ്യുന്നതിനാണ് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. ക്രിസ്ത്യന്‍ വിവാഹനിയമം നിലവിലുള്ള വ്യവസ്ഥിതിക്കു പകരമായി രണ്ടു ക്രൈസ്തവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കു മാത്രം ബാധകമാക്കാനും വിവാഹകാര്‍മികനെ രജിസ്ട്രാറോടു തുല്യപ്പെടുത്താനും മറ്റും നീക്കമുണ്ടായപ്പോള്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ അതിനെ എതിര്‍ത്തിരുന്നു.
വിവാഹസംബന്ധിയായ നിയമങ്ങള്‍മാത്രം പരിഗണിച്ചാല്‍ പോര, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, എന്നിവ സംബന്ധിച്ച നിയമങ്ങളിലും മാറ്റം വരുത്തണമെന്ന വാദമുയര്‍ന്നിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ബില്ല് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സഭാവിഭാഗങ്ങള്‍ നിലപാടെടുത്തു. തുടര്‍ന്നാണ് ഭേദഗതി നീക്കം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിവാഹമോചന നിയമത്തിലെ പത്തും പതിനേഴും വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് സര്‍ക്കാരും സഭാവിഭാഗങ്ങളും തമ്മില്‍ അഭിപ്രായൈക്യത്തിലായിരുന്നു. ലിംഗപരമായ വിവേചനത്തിന് കുപ്രസിദ്ധമായ പത്താം വകുപ്പ് മാത്രമായി ഭേദഗതി ചെയ്യാമെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിച്ചു. എന്നാല്‍ , തുടര്‍ന്ന് സഭകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം 17-ാം വകുപ്പും പരിഷ്കരിക്കാന്‍ തീരുമാനമായി.
സഭാകോടതികളുടെ തീരുമാനം സിവില്‍ കോടതികള്‍ അംഗീകരിക്കണമെന്ന സഭാ നേതാക്കളുടെ വാദം സര്‍ക്കാര്‍ തള്ളിക്കളയുകയും ചെയ്തു.
മന്ത്രിസഭയുടെ അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ട്. അത് അനുകൂലമായാല്‍ പാര്‍ലമെന്റിന്റെ 20 ന് തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കപ്പെട്ടേക്കും.












Click it and Unblock the Notifications