സ്കൂളില്‍ ചാരായസേവ: വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
പാമ്പാടി:സ്കൂളില്‍ ചാരായസേവ നടത്തിയതിന് എട്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍.
നവംബര്‍ ഒമ്പത് വ്യാഴാഴ്ച സ്കൂളിനടുത്ത റബര്‍തോട്ടത്തില്‍ വച്ച് ചാരായം കഴിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ കയ്യോടെ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച കായികമത്സരമായിരുന്നതിനാല്‍ സ്കൂളില്‍ ക്ലാസില്ലായിരുന്നു. ഉച്ച കഴിഞ്ഞ് ഒന്നരയോടെ റബര്‍തോട്ടത്തില്‍ ഇരുന്ന് വിദ്യാര്‍ത്ഥികള്‍ മദ്യപിക്കുന്നത് കണ്ട അധ്യാപകര്‍ ചാരായം സഹിതം ഇവരെ പിടികൂടി.
സ്കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പാമ്പാടി പൊലീസെത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഏഴു പേര്‍ പത്താംക്ലാസുകാരും ഒരാള്‍ ഒമ്പതാംക്ലാസുകാരനുമാണ്. വിദ്യാര്‍ത്ഥികളെ പാമ്പാടി ഗവ. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. മദ്യത്തില്‍ വിഷാംശം ഇല്ലെന്ന് സ്ഥിരീകരിച്ചു.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളെല്ലാവരും 17 വയസില്‍ താഴെയുള്ളവരും താഴ്ന്ന വരുമാനക്കാരുമാണ്. ഇവരില്‍ നാലു പേര്‍ മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു.
ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും തോട്ടില്‍ മണല്‍വാരാന്‍ ഇവര്‍ പോകാറുണ്ട്. തോട്ടിനടുത്ത് ഒറ്റയ്ക്കു താമസിക്കുന്ന ഒരാളില്‍ നിന്നാണ് ഇവര്‍ക്ക് ചാരായം കിട്ടുന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഈ വീട് റെയ്ഡ് ചെയ്തുവെങ്കിലും ചാരായം കിട്ടിയില്ല. എന്നാല്‍ ചാരായം മണക്കുന്ന ഒരു ജാര്‍ ഇവിടെ നിന്നും കണ്ടെടുത്തു.
പരസ്യമായി മദ്യപിക്കല്‍, ചാരായ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുത്തിട്ടുള്ളത്.
പാമ്പാടിക്കടുത്ത പള്ളിക്കത്തോട്ട് കഴിഞ്ഞയാഴ്ച ഒരാള്‍ വിഷാംശം കലര്‍ന്ന വിദേശമദ്യം കഴിച്ച ഒരാള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications