ജപ്പാന്‍ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മരുമകന് ബന്ധം: സിബിഐ
കൊച്ചി: 1800 കോടി രൂപയുടെ ശുദ്ധജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുയര്‍ത്തിയ ജപ്പാനിലെ പസഫിക് കണ്‍സള്‍ട്ടന്റ് ഇന്റര്‍നാഷണല്‍(പിസിഐ) എന്ന സ്ഥാപനവുമായി മുഖ്യമന്ത്രി നായനാരുടെ മകളുടെ ഭര്‍ത്താവ് പ്രദീപിന് അടുത്ത ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തി. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിബിഐ ഇങ്ങനെ പറഞ്ഞിട്ടുള്ളത്.
പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പിസിഐയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം വിശദമായി അന്വേഷിക്കണമെന്നും സിബിഐ നിര്‍ദ്ദേശിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു.
വാട്ടര്‍ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി(ബി) നേതാവ് പ്രൊഫ.എ.വി.താമരാക്ഷനാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതിനെക്കുറിച്ച് പ്രാരംഭ പരിശോധന നടത്തിയ സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആക്ടിങ് ചീഫ് ജസ്റിസ് കെ.കെ.ഉഷയും ജസ്റിസ് കുര്യന്‍ ജോസഫും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് കോടതിയില്‍ പരിശോധിച്ചു. നവംബര്‍ 14 ചൊവാഴ്ച ഈ കേസില്‍ വിധിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വാദം അന്ന് കോടതി കേള്‍ക്കും.
പിസിഐക്ക് കണ്‍സള്‍ട്ടന്‍സി നല്കാനെടുത്ത തീരുമാനം നടപടിച്ചട്ടങ്ങള്‍ ലംഘിച്ചുള്ളവയായിരുന്നു എന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 100 കോടി രൂപയാണ് പിസിഐയുടെ കണ്‍സള്‍ട്ടന്‍സി ഫീസ്. പിസിഐയുമായി ബന്ധപ്പെട്ട അഴിമതി കേരള വാട്ടര്‍ അതോറിറ്റിയില്‍ മാത്രമല്ല കര്‍ണാടക, തമിഴ്നാട്, ദില്ലി എന്നിവിടങ്ങളിലെ ഒരു സ്ഥാപനവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് സിബിഐ കണ്ടെത്തി.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിബിഐ പ്രാരംഭ പരിശോധന നടത്തിയത്. എന്നാല്‍ ഇത് അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കേണ്ടതില്ലെന്നാണ് സിബിഐ നിലപാട്. പ്രാരംഭ പരിശോധനാ റിപ്പോര്‍ട്ട് വിലയിരുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications