ശബരിമലയില്‍ കൂടുതല്‍ ചികിത്സാസൗകര്യങ്ങള്‍: മന്ത്രി
പമ്പ: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി.സി.കബീര്‍ അറിയിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിക്കു പുറമേ പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ചികിത്സാ സൗകര്യമുണ്ടാവും. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എംഎല്‍എയോടൊപ്പം പമ്പയിലെത്തിയ മന്ത്രി വാര്‍ത്താലേഖകരോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം തുടങ്ങി എല്ലാവിധ ചികിത്സാ സംവിധാനങ്ങളും ശബരിമലയിലുണ്ടാവും. ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തുമായി ആരംഭിക്കുന്ന മെഡിക്കല്‍ സ്റോറുകള്‍ നവംബര്‍ 14 ചൊവാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങും. ശബരിമലയിലെ ഉപയോഗത്തിന് ആരോഗ്യ വകുപ്പ് 30 ലക്ഷം രൂപയുടെ മരുന്ന് വാങ്ങിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിലെ 600 ഉദ്യോഗസ്ഥരെ ഉത്സവകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 150 ഡോക്ടര്‍മാരും ഉള്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ വ്യാജമദ്യം പിടിക്കാന്‍ വിപുലമായ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ശുദ്ധജലവിതരണം, മലിനീകരണ നിയന്ത്രണം എന്നിവയ്ക്കും ആവശ്യമായ നടപടികളെടുത്തിട്ടുണ്ട്.
ശബരിമലയിലെ വിവിധസംവിധാനങ്ങളെക്കുറിച്ച് ആഭ്യന്തരം, പൊതുമരാമത്ത്, വൈദ്യുതി, വനം, ഗതാഗതം, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി മന്ത്രി കബീര്‍ ചര്‍ച്ച നടത്തി. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.സുകുമാരന്‍, പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അജീബ എം.സാഹിബ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications