കടവല്ലൂര്‍ അന്യോന്യത്തെ കുറിച്ച് കൂടുതല്‍
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ വച്ച് നടക്കുന്ന അന്യോന്യം ബ്രാഹ്മണര്‍ നടത്തുന്ന വേദപരീക്ഷയാണ്. 1947ല്‍ നിലച്ചുപോയ പുരാതനമായ ഈ ചടങ്ങ് 1989ലാണ് വീണ്ടും തുടങ്ങിയത്.
എല്ലാ വര്‍ഷവും വൃശ്ചികം ഒന്നാം തീയതി മുതല്‍ 16ാം തീയതി വരെ നടത്തിവന്ന അന്യോന്യത്തില്‍ പങ്കെടുത്തിരുന്നത് കൊച്ചി മഹാരാജാവിന്റെ കീഴിലുള്ള തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെയും കോഴിക്കോട് സാമൂതിരിയുടെ കീഴിലുള്ള തിരുനാവായ ബ്രഹ്മസ്വം മഠത്തിലെയും നമ്പൂതിരിമാരായിരുന്നു.
ഇരു കൂട്ടരും അവരവര്‍ക്ക് നിശ്ചയിച്ച സ്ഥാനങ്ങളില്‍ പരസ്പരം അഭിമുഖമായാണ് പരീക്ഷയ്ക്കായിരിക്കുക. ഇതില്‍ നിന്നാവാം അന്യോന്യം എന്ന പേരുണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു. വേദമന്ത്രങ്ങളുടെ പ്രയോഗരീതിയാണ് പരീക്ഷയില്‍ ഒരാളുടെ പ്രകടനത്തിന്റെ നിലവാരവും ജയവും തോല്‍വിയുമെല്ലാം നിശ്ചയിക്കുന്നത്.
ഒരു ദിവസം നാല് പേരെ പരീക്ഷിക്കും. പണ്ട് അന്യോന്യത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണമനുസരിച്ച് ഇതിന്റെ കാലവും നീണ്ടിരുന്നു. പരീക്ഷയുടെ ഗ്രേഡില്‍ ഏറ്റവും ഉയര്‍ന്നത് അവസാന പരീക്ഷയായ വലിയ കടന്നിരിക്കല്‍ ആണ്്. ഇതാണ് ഏറ്റവും വിഷമം പിടിച്ച പരീക്ഷ. മുക്കതല പന്താവൂര്‍ മനയ്ക്കലെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് അവസാനമായി വലിയ കടന്നിരിക്കല്‍ പരീക്ഷ വിജയിച്ചയാള്‍.
അയിത്തം നിലവിലുണ്ടായിരുന്ന കാലത്ത് അന്യോന്യം നടക്കുമ്പോള്‍ അമ്പലത്തിനുള്ളിലെ വേദോച്ചാരണം അബ്രാഹ്മണര്‍ കേള്‍ക്കാതിരിക്കാന്‍ കുറെ നായന്മാര്‍ രാമഹരെ ജപിച്ച് അമ്പലത്തിന് ചുറ്റും നടക്കുമായിരുന്നു എന്ന് പറയപ്പെടുന്നു. അതിനവര്‍ക്ക് സദ്യയും നല്‍കുമായിരുന്നത്രെ.












Click it and Unblock the Notifications