ഹരിപ്പാട് സംഭവത്തില്‍ പല പ്രമുഖരും പ്രതികള്‍
കായംകുളം : അച്ഛന്‍ വന്ധ്യംകരണം നടത്തി മകളെ പലര്‍ക്കും കാഴ്ചവച്ച കേസില്‍ പല പ്രമുഖരും പ്രതികള്‍.
ആലപ്പുഴ ജില്ലയിലെ ഒരു ഡിവൈഎസ്പിയുടെ അച്ഛനും ബന്ധുക്കളും തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സിപിഎം മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഏറ്റവും അടുത്ത ബന്ധുവും പ്രതികളുടെ ലിസ്റിലുണ്ട്.
നവംബര്‍ 13 തിങ്കളാഴ്ച പെണ്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനരഹിതവും പേരുകള്‍ പലതും വ്യാജവുമാണെന്ന് പൊലീസ് പറയുന്നു. തനിക്ക് ശത്രുതയുള്ളവരുടെ പേരുകളാണ് പെണ്‍കുട്ടി പറഞ്ഞിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടിക്ക് ഇവരോട് വിരോധമുണ്ടായതെന്ന് വിശദീകരിക്കാന്‍ പൊലീസിന് കഴിയുന്നില്ല.
പെണ്‍കുട്ടി മാനസികരോഗിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടി മാനസികരോഗത്തിന് ചികിത്സയ്ക്ക് വിധേയയായതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.
എന്നാല്‍ പ്രതികളായി പ്രമുഖര്‍ ഉള്‍പെട്ടിട്ടുള്ളതിനാല്‍ അന്വേഷണം മരവിപ്പിക്കാനാണ് പൊലീസിന്റെ നീക്കമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു. 11-ാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മനോനില തകരാറിലായതെന്ന് അമ്മ പറഞ്ഞു. ഇതിനായി പലപ്രാവശ്യം ചികിത്സിച്ചിട്ടുമുള്ളതായി പെണ്‍കുട്ടിയുടെ അമ്മ സമ്മതിച്ചു. ഇതിന്റെ പേരില്‍ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ജാമ്യം കിട്ടാത്ത വകുപ്പായിട്ടും പ്രതികളില്‍ ആരെയും ഇതുവരെ കസ്റഡിയിലെടുത്തിട്ടില്ല.


Click it and Unblock the Notifications