ടാറ്റാ ടീ വന്യജീവി നിയമം ലംഘിക്കുന്നു
തൊടുപുഴ : ടാറ്റാ ടീ കമ്പനി വന്യജീവി നിയമം ലംഘിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ടാറ്റാ ടീയുടെ കണ്ണന്‍ ദേവന്‍ ക്ലബിന് നോട്ടീസയച്ചു.
മൂന്നാര്‍ ടൗണില്‍ ടാറ്റായുടെ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന കണ്ണന്‍ ദേവന്‍ ക്ലബില്‍ വരയാടിന്റെ കൊമ്പ്, ആനക്കൊമ്പ്, കാട്ടുപോത്തിന്റെ കൊമ്പ് തുടങ്ങിയവ സൂക്ഷിച്ചിട്ടുള്ളതിനാലാണ് നോട്ടീസയച്ചിട്ടുള്ളത്. വന്യജിവീകളുടെ ശരീരഭാഗങ്ങള്‍ ചര്‍മ്മസ്വരൂപണം ചെയ്തും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഇത് വന്യജീവിനിയമത്തിന്റെ ലംഘനമാണെന്നും ഇവ എവിടെ നിന്നും എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബോര്‍ഡ് നോട്ടീസയച്ചിരിക്കുന്നത്.
വംശനാശം നേരിടുന്ന വരയാടുകള്‍ ധാരാളമുള്ള ഇരവികുളം നാഷണല്‍ പാര്‍ക്ക് ടാറ്റാ ടീയുടെ നടുവിലാണ്. ടാറ്റായുടെ തേയിലത്തോട്ടത്തിന് നടുവിലെ ലേക്ക് പാലസില്‍ ആനകളെ കൊന്നൊടുക്കാറുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യവും ക്ലബില്‍ കൊമ്പും മറ്റും സൂക്ഷിച്ചിരിക്കുന്നതായും സംസ്ഥാന ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്ററുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രതികരണമുണ്ടായില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.












Click it and Unblock the Notifications