യാത്രക്കാരിയെ കണ്ടക്ടര്‍ തലയ്ക്കടിച്ച് പരിക്കേല്പിച്ചു
തിരുവനന്തപുരം: ബസ് യാത്രയ്ക്കിടയില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത മത്സ്യത്തൊഴിലാളി യുവതിയെ കണ്ടക്ടര്‍ ടിക്കറ്റ് റാക്കുകൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ചു. അക്രമത്തെ ചോദ്യം ചെയ്ത യുവതിയുടെ വൃദ്ധപിതാവിനും സഹോദരിക്കും കണ്ടക്ടറുടെ മര്‍ദ്ദനമേറ്റു.
വിഴിഞ്ഞം കടക്കുളം ടൗണ്‍ഷിപ്പ് കോളനിയില്‍ സെലി(33)നാണ് കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയിലായത്. വിഴിഞ്ഞം ചപ്പാത്തു നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള ടിഎന്‍ 604 കെഎസ് ആര്‍ടിസി ബസ്സില്‍ നവംബര്‍ 11 ശനിയാഴ്ച രാവിലെയാണ് സംഭവം. അച്ഛന്‍ അരുളപ്പനെ കണ്ണാശുപത്രിയില്‍ ചികിത്സയ്ക്കു കൊണ്ടു പോകുകയായിരുന്നു സെലിന്‍. കണ്ടക്ടറുടെ പീഡനശ്രമം ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമായതെന്ന് അരുളപ്പന്‍ പറഞ്ഞു.
ആളുനിറഞ്ഞ ബസ് തിരുവല്ലം ജംഗ്ഷന് സമീപമെത്തിയപ്പോള്‍ കണ്ടക്ടര്‍ സെലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അത് ചോദ്യം ചെയ്തപ്പോള്‍ സെലിന്റെ തലയില്‍ ടിക്കറ്റുറാക്ക് കൊണ്ടടിച്ചു പരിക്കേല്പിച്ചു. മകളെ മര്‍ദ്ദിച്ചതിനെ എതിര്‍ത്ത തന്നെയും മൂത്ത മകള്‍ റീത്തയെയും കണ്ടക്ടര്‍ ആക്രമിച്ചതായി അരുളപ്പന്‍ പറഞ്ഞു.
സെലിനു പരിക്കേറ്റതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളമുണ്ടാക്കി. ബസ് ഫോര്‍ട്ട് പൊലീസ് സ്റേഷനു സമീപം നിര്‍ത്തിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി വിഴിഞ്ഞം ഡിപ്പോയിലെ താല്ക്കാലിക കണ്ടക്ടര്‍ ഷിഹാബുദ്ദീനെ(42) അറസ്റു ചെയ്തു.
തലയില്‍ ആറ് തയ്യല്‍ വേണ്ടിവന്ന സെലിന്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ 11ാം വാര്‍ഡില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications