രാമക്ഷേത്രം പണി സര്‍ക്കാര്‍ തടയില്ലെന്ന് വി എച്ച് പി
കാണ്‍പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തടയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്. നവംബര്‍ 13 ചൊവാഴ്ച വി എച്ച് പി നേതാവ് അശോക് സിംഗാള്‍ വ്യക്തമാക്കിയതാണിത്.
ക്ഷേത്രം പണിയാന്‍ വി എച്ച് പി ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നും സര്‍ക്കാര്‍ തടഞ്ഞാല്‍ അത് കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കറിയാമെന്നും വി എച്ച് പി നേതാവ് മുന്നറിയിപ്പു നല്‍കി. കാണ്‍പൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിംഗാള്‍.
രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് ബി ജെ പി ദേശീയാധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ അടുത്ത കാലത്ത് നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു സിംഗാള്‍. ബംഗാരു ലക്ഷ്മണിന്റെ പ്രസ്താവനകളെ വി എച്ച് പി ഗൗരമായെടുക്കില്ലെന്നും സമയമാകുമ്പോള്‍ ജനാഭിപ്രായം മാനിച്ച് ലക്ഷ്മണ്‍ നിലപാടു മാറ്റുമെന്നും സിംഗാള്‍ പറഞ്ഞു.
ഇതു വരെ ക്ഷേത്രനിര്‍മാണം സംബന്ധിച്ച് വി എച്ച് പി ക്ക് ഒരു തടസവുമുണ്ടായിട്ടില്ലെന്നും ഭാവിയിലും തടസങ്ങള്‍ ഉണ്ടാവുമെന്നു കരുതുന്നില്ലെന്നും സിംഗാള്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലും അയോധ്യയിലുമായി ക്ഷേത്രത്തിന്റെ കല്‍പ്പണികള്‍ പുരോഗമിക്കുകയാണ്. അലഹബാദില്‍ നടക്കുന്ന കുംഭമേളയില്‍ ക്ഷേത്രം പണിക്കുള്ള വി എച്ച് പി പദ്ധതി സന്യാസിസമാജത്തില്‍ അവതരിപ്പിച്ച് അന്തിമ രൂപം നല്‍കും. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ ഹിന്ദുക്കള്‍ ഒന്നടങ്കം രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമാണെന്നും അശോക് സിംഗാള്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications