മദ്യദുരന്തം ആസൂത്രിതം
തിരുവനന്തപുരം: കേരളത്തിലുണ്ടായ മദ്യദുരന്തം ആസൂത്രിതമാണെന്ന സംശയം ശക്തമാകുന്നു.
കല്ലുവാതുക്കലും പള്ളിപ്പുറത്തും ദുരന്തത്തിനു കാരണമായ വിഷമദ്യത്തിന്റെ സാമ്പിളുകളില്‍ 80 ശതമാനം വരെ മാരകവിഷമായ മെത്തനോള്‍ ആണെന്ന് കണ്ടെത്തിയതിയതാണ് ഇതിനു കാരണം. ചില സാമ്പിളുകളില്‍ മെത്തനോളും വെള്ളവും മാത്രമേയുള്ളുവെന്നാണ് ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലെ പരിശോധനയില്‍ വ്യക്തമായത്.
പരിശോധനാ ഫലമറിവായതോടെ സ്പിരിറ്റില്‍ അബദ്ധത്തില്‍ മെത്തനോള്‍ കലര്‍ന്നതായിരിക്കാമെന്ന സംശയത്തിന് അടിസ്ഥാനമില്ലാതായിരിക്കുകയാണ്. മെത്തനോള്‍ കൊണ്ടുവരാറുള്ള ടാങ്കര്‍ ലോറി വൃത്തിയാക്കാതെ സ്പിരിറ്റ് കൊണ്ടുവന്നത് ദുരന്തത്തിനു കാരണമായി എന്നും വ്യാജച്ചാരായ നിര്‍മ്മാണത്തിനിടെ അബദ്ധത്തില്‍ മെത്തനോള്‍ കലര്‍ന്നതാണ് ദുരന്തത്തിനു കാരണം എന്നുമുള്ള വാദങ്ങള്‍ക്ക് പ്രസക്തിയില്ലാതായി.
ലഹരിക്കായി ഉപയോഗിക്കുന്ന ഈതൈല്‍ ആല്‍ക്കഹോളിന്റെ അംശം പോലും ചില സാമ്പിളുകളില്‍ കാണാതിരുന്നത് മെത്തനോള്‍ എന്ന വിഷത്തില്‍ വെള്ളം ചേര്‍ത്തു നല്കി മദ്യദുരന്തം സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നു. കല്ലുവാതുക്കല്‍ ദുരന്തമുണ്ടായതിനു ശേഷം കൂടിയ അളവില്‍ മെത്തനോള്‍ കലര്‍ന്ന വിഷമദ്യമാണ് പള്ളിപ്പുറത്ത് വിതരണം ചെയ്തതെന്ന കണ്ടെത്തലും ഗൂഡാലോചനയിലേക്കു വിരല്‍ചൂണ്ടുന്നു.
അബ്കാരി കേസുകളില്‍ ഇന്ത്യന്‍ തെളിവ് നിയമപ്രകാരം കെമിക്കല്‍ എക്സാമിനേഴ്സ് ലാബില്‍ നിന്നുള്ള രാസപരിശോധനാ ഫലം നിര്‍ണ്ണായകമാണ്. രാസപരിശോധനാ ഫലങ്ങള്‍ ലാബ് അധികൃതര്‍ ഒരാഴ്ചയ്ക്കകം കോടതിക്കു കൈമാറും.
രാസപരിശോധനാ ഫലം പുറത്തു വന്നതോടെ വിഷമദ്യ കേസന്വേഷണം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. മാതൃഭൂമിയിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications