നിഷാദിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വെച്ച് ആക്രമിക്കപ്പെട്ട കെഎസ്യു പ്രവര്‍ത്തകന്‍ നിഷാദിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ജനറല്‍ വാര്‍ഡില്‍ നിഷാദിന് മതിയായ സംരക്ഷണമില്ലാത്തതിനാലാണ് നിഷാദിനെ സര്‍ജിക്കല്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ നിഷാദിനെ യുഡിഎഫ് നേതാക്കളും മറ്റും കാണുന്നതില്‍ നിന്ന് ഒഴിവാക്കാനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് യുഡിഎഫ് ആരോപിച്ചു.
യുഡിഎഫ് പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ബി. ഇഖ്ബാലിനെ കണ്ട് സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നേതാക്കള്‍ വൈസ് ചാന്‍സലറോട് അഭ്യര്‍ത്ഥിച്ചു.
സുരക്ഷയുടെ കാരണം പറഞ്ഞ് ആശുപത്രിയിലേക്ക് പുറത്തു നിന്നാരെയും കടത്തി വിട്ടിരുന്നില്ല. നിഷാദിന്റെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെപ്പോലും ആദ്യം ആശുപത്രി അധികൃതര്‍ അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. പിന്നീട് യുഡിഎഫ് എംപിമാരും നേതാക്കളും ഇടപെട്ടാണ് പ്രശ്നത്തിന് രമ്യമായ പരിഹാരം ഉണ്ടാക്കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസ് 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. നിഷാദിനോടൊപ്പം യൂണിവേഴ്സിറ്റി കോളേജിലേക്ക് പോയിരുന്ന നിലമേല്‍ എന്‍എസ്എസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആര്‍. രാജേഷ്, മാഗസിന്‍ എഡിറ്റര്‍ ആശിഷ്, കൗണ്‍സിലര്‍ ബി. ജയന്‍ എന്നിവര്‍ക്കെതിരെയും യൂണിവേഴ്സിറ്റി കോളേജിലെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് കേസ്.












Click it and Unblock the Notifications