ശ്രീ സത്യസായി ജന്മദിനാഘോഷം ചൊവാഴ്ച മുതല്‍
പുട്ടപര്‍ത്തി: ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ 75ാം ജന്മദിനാഘോഷങ്ങള്‍ നവംബര്‍ 14 ചൊവാഴ്ച തുടങ്ങും.
അഗതികളെയും കുട്ടികളെയും ദരിദ്ര ഗ്രാമീണരെയും പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നുവെന്നതാണ് ഇത്തവണത്തെ ജന്മദിനാഘോഷങ്ങളുടെ പ്രത്യേകത. പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് ആദ്യഘട്ടമായി 150 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ദരിദ്രരുടെ വികസനത്തിനുള്ള ശ്രീ സത്യസായി പദ്ധതി പ്രകാരം 1000 ഭവനങ്ങള്‍ പണികഴിപ്പിക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജന്മദിനാഘോഷത്തോടനുബന്ധിച്ച് ചൈതന്യ ജ്യോതിയുടെയും സംഗീത കോളേജിന്റെയും ഉദ്ഘാടനം നടക്കും. ചൈനീസ് വാസ്തുശില്പ മാതൃകയില്‍ നിര്‍മ്മിച്ച മന്ദിരത്തില്‍ ബാബയുടെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ദൃശ്യമാക്കുന്ന മ്യൂസിയമായ ചൈതന്യ ജ്യോതിയുടെ ഉദ്ഘാടനം നവംബര്‍ 18 ശനിയാഴ്ചയാണ്. പുട്ടപര്‍ത്തിയിലെ ഗ്രാമീണരുടെ രഥോത്സവവും അന്നു നടക്കും.
വിവിധ സംഗീതോപകരണങ്ങളുടെ രൂപമാതൃകയില്‍ നിര്‍മ്മിച്ച സംഗീത കോളേജ് ഉദ്ഘാടനം നവംബര്‍ 20 തിങ്കളാഴ്ച നടക്കും. ശ്രീ സത്യസായി സേവാ സംഘടനയുടെ നാലു ദിവസം നീളുന്ന ലോകസമ്മേളനവും തിങ്കളാഴ്ച തുടങ്ങും.
നവംബര്‍ 17 വെള്ളിയാഴ്ച സത്യനാരായണ പൂജ, നവംബര്‍ 19 ഞായറാഴ്ച മഹിളാദിനം, നവംബര്‍ 22 ബുധനാഴ്ച ശ്രീ സത്യസായി യൂണിവേഴ്സിറ്റിയുടെ ബിരുദദാനം എന്നിവയും നടക്കും. ബാബയുടെ ജന്മദിനമായ നവംബര്‍ 23 വ്യാഴാഴ്ച യുവജനറാലിയുണ്ട്. നവംബര്‍ 15 ബുധനാഴ്ച മുതല്‍ 24 വെള്ളിയാഴ്ച വരെ നീളുന്ന സാംസ്കാരിക പരിപാടികളുമുണ്ട്.












Click it and Unblock the Notifications