ജുഡീഷ്യല്‍ അന്വേഷണം: സുപ്രിം കോടതിയെ സമീപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മദ്യദുരന്തങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നിന്നോ ജഡ്ജിമാരെ കിട്ടാന്‍ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു. ഇതുംസംബന്ധിച്ച് സുപ്രിം കോടതി ചീഫ് ജസ്റിസിനെ സമീപിക്കും.
അന്വേഷണം നടത്താന്‍ ജഡ്ജിയെ അനുവദിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിസഭ ഇങ്ങനെ തീരുമാനമെടുത്തതെന്ന് നായനാര്‍ അറിയിച്ചു. നവംബര്‍ 15 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.എന്‍.ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറാണ് ഡോ.ബാബു.
മദ്യം സൃഷ്ടിക്കുന്ന വിപത്തുകളെ കുറിച്ച് കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം സൃഷ്ടിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മദ്യവിരുദ്ധ പ്രചാരണം നടത്തും. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിനെയും തദ്ദേശസ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ്ക്കുട്ടിയെയും മന്ത്രിസഭായോഗം ചുമതലയേല്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications