Get Updates
Get notified of breaking news, exclusive insights, and must-see stories!

അണുപ്രസരണത്തെക്കുറിച്ച് ആശങ്ക ഉയരുന്നു

കൊച്ചി: അണുപ്രസരണ ശേഷിയുള്ള റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ രാജ്യത്തെ ആശുപത്രികളില്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്ക ഉയരുന്നു. കൊച്ചിയില്‍ ആക്രിക്കച്ചവടക്കാരില്‍ നിന്നു കണ്ടെടുത്ത യുറേനിയം ദണ്ഡുകള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നു ലേലം ചെയ്ത കൊബാള്‍ട്ട് തെറാപ്പി യൂണിറ്റിലെയാണെന്ന കണ്ടെത്തലാണ് ഭീതിയുണര്‍ത്തിയിരിക്കുന്നത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ 1994 ആഗസ്ത് 31ന് നടന്ന ലേലത്തിലാണ് ഉപയോഗശൂന്യമായ കൊബാള്‍ട്ട് യൂണിറ്റ് ആക്രിക്കച്ചവടക്കാര്‍ വാങ്ങിയത്. 1965ല്‍ ആശുപത്രിയില്‍ സ്ഥാപിച്ച എല്‍ഡൊറാഡോ കൊബാള്‍ട്ട് ടെലിതെറാപ്പി യൂണിറ്റാണ് പ്രവര്‍ത്തനയോഗ്യമല്ലാതായതിനെ തുടര്‍ന്ന് ലേലത്തിനു വെച്ചത്. യൂണിറ്റിലെ റേഡിയേഷന്‍ ക്രമപ്പെടുത്തുന്നതിനുള്ള കോളിമേറ്റര്‍ ഉറവിടമായ കൊബാള്‍ട്ട് ഭാഭ അണുശക്തി ഗവേഷണ കേന്ദ്ര(ബിഎആര്‍സി)ത്തിനു കൈമാറിയിരുന്നെങ്കിലും റേഡിയേഷന്‍ ക്രമപ്പെടുത്തുന്നതിനുള്ള കോളിമേറ്റര്‍ ട്രിമ്മര്‍ ബാറായി ഉപയോഗിച്ചിരുന്ന യുറേനിയം ദണ്ഡുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് പൊലീസിന്റെ അനുമാനം.

എറണാകുളത്ത് യുറേനിയം ദണ്ഡുകള്‍ കണ്ടെടുത്തതോടെ ഈ വര്‍ഷം രാജ്യത്ത് സമാനസ്വഭാവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു കേസുകളായി. ഹൈദരാബാദില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മഹ്ദി നവാസ് ജംഗ് കാന്‍സര്‍ ആശുപത്രിയില്‍ നിന്ന് 73 മില്ലിക്യൂറി സീസിയം137 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് നഷ്ടമായത് കോളിളക്കമുണ്ടാക്കിയിരുന്നു. കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന സീസിയം 137 മാരകമായ അണുപ്രസരണ ശേഷിയുള്ളതാണ്. മുപ്പത് വര്‍ഷത്തോളം പ്രസരണശേഷി അവശേഷിക്കുന്ന നിലയിലാണ് ഇത് കാണാതായത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഈ സംഭവം നടന്നതെങ്കിലും ആഗസ്തിലാണ് വിവരം പുറത്തായത്.

ഹൈദരാബാദിലെ തന്നെ ന്യൂക്ലിയര്‍ ഫ്യുവല്‍ കോംപ്ലക്സിലെ വിദഗ്ദ്ധരുടെ സഹായത്തോടെ നഗരത്തിലെ ചവറു ഡിപ്പോകളിലും സ്ക്രാപ്പ് ഗോഡൗണുകളിലും ആധുനിക ഉപകരണങ്ങളുപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും സീസിയം കണ്ടെത്താനായില്ല. ഗുരുതരാവസ്ഥ വ്യക്തമായതോടെ അധികൃതര്‍ ബിഎആര്‍സിയെ വിവരമറിയിച്ചു. ഡോ.സി.ഭട്ടിന്റെ നേതൃത്വത്തില്‍ അവിടെ നിന്നെത്തിയ വിദഗ്ദ്ധ സംഘം നടത്തിയ അന്വേഷണത്തിലും സീസിയം കണ്ടെത്താനായില്ല.

ഹൈദരാബാദിലെയോ സെക്കന്തരാബാദിലെയോ ഏതെങ്കിലും കേന്ദത്തില്‍ സീസിയം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ടാവാമെന്നും ഇത് അത്യന്തം അപകടകരമാണെന്നും ഡോ.ഭട്ട് റിപ്പോര്‍ട്ട് നല്കിയതിനെ തുടര്‍ന്ന് ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് ഇടപെട്ടു. ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എസ്.പാര്‍ത്ഥസാരഥിയും ഉന്നത ഉദ്യോഗസ്ഥരും ഹൈദരാബാദിലെത്തി. രണ്ടു മണിക്കൂറോളം ആശുപത്രി അധികൃതരെ ചോദ്യം ചെയ്ത സംഘം അവിടത്തെ സംവിധാനങ്ങളില്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തുകയും ചികിത്സ നടത്തുന്ന ഒരു യൂണിറ്റ് അടച്ചു പൂട്ടാന്‍ രേഖാമൂലം ആവശ്യപ്പടുകയും ചെയ്തു.

റേഡിയേഷന്‍ ഉപകരണങ്ങളുടെ ഉപയോഗത്തെ കുറിച്ച് ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാതിരുന്നതാണ് സീസിയം നഷ്ടപ്പെടാനിടയാക്കിയതെന്ന് ഡോ.പാര്‍ത്ഥസാരഥി ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി ഡയറക്ടര്‍ ചെയര്‍മാനായും റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായുള്ള സമിതിയുടെ മേല്‍നോട്ടം ഇത്തരം കാര്യങ്ങളില്‍ ആവശ്യമാണെന്ന സുപ്രധാന നിര്‍ദ്ദേശം ഹൈദരാബാദില്‍ പാലിക്കപ്പെട്ടിരുന്നില്ല.

കൊച്ചിയിലും സംഭവിച്ചത് ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതിയായ നിരീക്ഷണ സംവിധാനങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇല്ലെന്നു മാത്രമല്ല സംസ്ഥാന തലത്തില്‍ ഇതിനെക്കുറിച്ചുള്ള പരിശോധനകള്‍ നടക്കുന്നുമില്ല. 1965ല്‍ ആശുപത്രിയില്‍ സ്ഥാപിച്ച കൊബാള്‍ട്ട് ടെലിതെറാപ്പി യൂണിറ്റ് നീക്കം ചെയ്തത് 1991ലാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് ലേലം നടക്കുന്നതു വരെ ആശുപത്രിയിലെ പാഴ്വസ്തുക്കളുടെ കൂട്ടത്തിലായിരുന്നു ഇത്.

യൂണിറ്റ് ലേലത്തില്‍ പിടിച്ചവര്‍ യുറേനിയം ദണ്ഡുകളുമായി അടുത്തിടപഴകിയ കാരണം അണുപ്രസരണം ഏറ്റിരിക്കാമെന്ന് സംശയമുണ്ട്. ഇവരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+