വിവാദ ബാങ്കിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി
ദില്ലി: പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി 33 ശതമാനമായി കുറയ്ക്കാനുള്ള ബാങ്കിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
ഇതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 1970ലെയും 80ലെയും ബാങ്കിംഗ് കമ്പനീസ് (അക്വിസിഷന്‍ ആന്റ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്സ്) നിയമം ഭേദഗതി ചെയ്യുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു.
എന്നാല്‍ രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകള്‍ക്ക് അതേ പദവി തന്നെയുണ്ടായിരിക്കുമെന്ന് മഹാജന്‍ വ്യക്തമാക്കി. ഒരു ശതമാനത്തിലധികം ഓഹരി കൈയാളാന്‍ ആരെയും അനുവദിക്കില്ല. കൂടാതെ ഓഹരികള്‍ പൊതുഅറിയിപ്പിലൂടെ മാത്രമേ വിതരണം ചെയ്യുകയും ഉളളൂ.
സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികള്‍ ഏതെങ്കിലും പ്രധാന പങ്കാളികള്‍ക്ക് വില്‍ക്കില്ല. കൂടാതെ ബാങ്കുകളിലെ ചെയര്‍മാന്‍, ഡയറക്ടര്‍ ബോര്‍ഡ് എന്നിവരെ നിയമിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനു തന്നെയായിരിക്കും. അതിനു പുറമെ ബാങ്കുകളുടെ പ്രവര്‍ത്തനം ഒരു പാര്‍ലമെന്ററി സൂപ്പര്‍വൈസറി കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കുകയും ചെയ്യും. മൂലധന സ്വരൂപിക്കാനായാണ് സര്‍ക്കാര്‍ ഓഹരി കുറയ്ക്കുന്നത്. ബാങ്കുകളില്‍ സ്വകാര്യ മാനേജ്മെന്റിന്റെ പ്രശ്നം ഉദിക്കുന്നേയില്ല - മഹാജന്‍ വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കാനാണ് ബാങ്കിംഗ് ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് രാജ്യമെമ്പാടുമുള്ള ബാങ്ക് ജീവനക്കാര്‍ നവംബര്‍ 15 ബുധനാഴ്ച പണിമുടക്ക് നടത്തിയിരുന്നു.
ബാങ്കിംഗ് നിയമത്തില്‍ ഭേദഗതി വരുന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ ഹോള്‍-ടൈം-ഡയറക്ടര്‍മാരുടെ എണ്ണം രണ്ടില്‍നിന്ന് നാലായി ഉയരും. കൂടാതെ നഷ്ടത്തിലോടുന്ന ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാമ്പത്തിക പരിഷ്കരണ അതോറിറ്റിയും നിലവില്‍ വരും. സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ കൈമാറ്റം എളുപ്പത്തിലാക്കാനും ഭേദഗതി സഹായിക്കും. പൊതുമേഖലാ ബാങ്കുകളുടെ അടച്ചു തീര്‍ത്ത മൂലധനം 25 ശതമാനത്തില്‍ കുറയരുതെന്ന് നിഷ്കര്‍ഷിക്കുന്ന വകുപ്പ് എടുത്തു കളയും.
ദേശസാല്‍കൃത ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഏതെങ്കിലും ഒരു സാമ്പത്തിക സ്ഥാപനം എന്നിവയില്‍ നിന്നുള്ള നോമിനികള്‍ വേണമെന്ന നിര്‍ദ്ദേശവും പുതിയ ഭേദഗതി എടുത്തുകളയും.
ഭേദഗതി പ്രകാരം സര്‍ക്കാരിന്റെ ഓഹരി 50 ശതമാനത്തില്‍ കുറയുന്നതോടെ ബാങ്കുകളെ 1956ലെ കമ്പനി നിയമ പ്രകാരം കമ്പനിയാക്കാനും കഴിയും.












Click it and Unblock the Notifications