ബാങ്ക്: കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ആന്റണി വിമര്‍ശിച്ചു
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാരിന്റെ ഓഹരി കുറയ്ക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പ്രതിപക്ഷ നേതാവുമായ എ.കെ. ആന്റണി വിമര്‍ശിച്ചു. ബാങ്ക് മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന ഇത്തരം പ്രവൃത്തിയില്‍ നിന്നു പിന്മാറണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
പൊതുമേഖലാ ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാരിനുള്ള ഓഹരി 33 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതിനോട് നവംബര്‍ 16വ്യാഴാഴ്ച പ്രതികരിക്കുകയായിരുന്നു ആന്റണി. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ഗ്രാമീണ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെയെല്ലാം ഈ തീരുമാനം ഇല്ലാതാക്കുമെന്ന് ആന്റണി പറഞ്ഞു.
പൊതുമേഖലാ ബാങ്കുകള്‍ ഗ്രാമങ്ങളില്‍ ശാഖകള്‍ തുറന്നതോടെയാണ് കര്‍ഷകരും ചെറുകിട ബിസിനസ്സുകാരും പച്ച പിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ആ ശാഖകള്‍ പൂട്ടാനേ ഉപകരിക്കുകയുള്ളൂ. പുറമെ ജീവനക്കാരുടെ ജോലി നഷ്ടത്തിനും. ഇതോടെ ഇന്ത്യയിലെ ബാങ്കിംഗ് മേഖല സ്വകാര്യ-ബഹുരാഷ്ട്ര കുത്തകകളുടെ കൈപ്പിടിയില്‍ അമരും - ആന്റണി പറഞ്ഞു.
ഈ നീക്കത്തിനെതിരെ ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും ആന്റണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications