ശബരിമല വികസനം: എംപിമാരുടെ യോഗം വിളിക്കും
പത്തനംതിട്ട: ശബരിമല വികസനത്തിന്റെ വിവിധ സാധ്യതകള്‍ ആരായാനായി ലോക്സഭാ സ്പീക്കര്‍ ജി.എം.സി. ബാലയോഗി ഉടന്‍തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗം വിളിച്ചുകൂട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തലം എം.പി. പറഞ്ഞു.
കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ എംപിമാര്‍ യോഗത്തില്‍ പങ്കെടുക്കും. സന്നിധാനത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ശബരിമല വികസനത്തിനു വേണ്ടി വനംഭൂമി വിട്ടു കിട്ടാന്‍ കേന്ദ്രത്തില്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എംപിമാരുടെ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ലോക്സഭാ സ്പീക്കര്‍ നിയോഗിച്ച ഒ. രാജഗോപാല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വനംഭൂമി കേന്ദ്രസര്‍ക്കാര്‍ വിട്ടുതന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പകരം രാഷ്ട്രീയലാഭത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ വിമര്‍ശിക്കുകയാണ്.
വിവിധ വകുപ്പുകള്‍ തമ്മില്‍ ധാരണയില്ലാത്തതും ശബരിമല വികസനത്തിന് തടസ്സമാകുന്നതായി ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ വികസനം ത്വരിതപ്പെടുത്താന്‍ എല്ലാ വകുപ്പുമേധാവികളുടെയും യോഗം വിളിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രി ഇ.കെ. നായനാരോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications