വിഷമദ്യം: അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക്
തിരുവനന്തപുരം: വിഷമദ്യദുരന്തത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കേരളത്തിലെത്തിയ നാലു ലോഡ് അനധികൃത സ്പിരിറ്റിന്റെ ഉറവിടം തേടി പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും പുറപ്പെട്ടു.
ദുരന്തത്തിനു മുമ്പ് കൊല്ലം ജില്ലയിലെത്തിയ നാലു ലോഡ് സ്പിരിറ്റില്‍ ഒന്ന് തമിഴ്നാട്ടില്‍ നിന്നും മൂന്നു ലോഡ് ബാംഗ്ലൂരില്‍ നിന്നും എത്തിയതായാണ് പൊലീസിനു ലഭിച്ച സൂചന. കായംകുളം, തൃശ്ശൂര്‍, തമിഴ്നാട്ടിലെ തേനി എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് കടത്ത് ഏജന്റുമാരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന നാലു ലോഡുകളില്‍ ഏതിലാണ് ദുരന്തത്തിനു കാരണമായ മെത്തനോള്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്താനായിട്ടില്ല. കൊച്ചനിക്കു വേണ്ടി സാധാരണ സ്പിരിറ്റു കൊണ്ടുവരുന്ന മണികണ്ഠന്‍, സന്തോഷ് എന്നീ ഡ്രൈവര്‍മാരെ പിടികൂടാനായാല്‍ ഇതു കണ്ടെത്താനാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് ആദ്യം വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയ കൊച്ചനിയില്‍ നിന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഈ വിവരങ്ങള്‍ അനുസരിച്ചാണ് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ ഡിഐജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications