സൂര്യകിരണ്‍ കൊച്ചിക്ക് ആവേശമായി
കൊച്ചി: ആകാശമേലാപ്പില്‍ നീര്‍പ്പക്ഷികളായി കുതിച്ചുയര്‍ന്നും കരണംമറിഞ്ഞും വരിതെറ്റാതെ പറന്ന പോര്‍വിമാനങ്ങള്‍ കൊച്ചിക്ക് പുളകമായി.
ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ സൂര്യകിരണ്‍ എയ്റോബാറ്റിക്സ് ടീമിന്റെ ഒമ്പത് ജെറ്റുകളാണ് നവംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയില്‍ അഭ്യാസപ്രകടനങ്ങള്‍
നടത്തിയത്. രാജേന്ദ്രമൈതാനത്ത് തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ വിമാനങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിച്ചു.
നാവിക വാരാചരണത്തോടനുബന്ധിച്ചാണ് സൂര്യകിരണ്‍ കൊച്ചിയിലെത്തിയത്. 30 മീറ്റര്‍ മുതല്‍ 1000 മീറ്റര്‍ വരെ ഉയരത്തില്‍ ആകാശത്ത് വര്‍ണ്ണപ്പൊടികള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ച് ചാഞ്ഞും ചരിഞ്ഞും തലകുത്തനെയും വിമാനങ്ങള്‍ ഊളിയിട്ടത് പലരും ശ്വാസമടക്കി പിടിച്ചാണ് നോക്കി നിന്നത്. ആകാശത്ത് ദേശീയപതാകയുടെ ത്രിവര്‍ണ്ണങ്ങള്‍ വിതറിയ പ്രകടനമായിരുന്നു ശ്രദ്ധേയം. മണിക്കൂറില്‍ 600 കിലോമീറ്റര്‍ പരമാവധി വേഗതിയിലും 200 കിലോമീറ്റര്‍ കുറഞ്ഞ വേഗതയിലുമായിരുന്നു അഭ്യാസപ്രകടനങ്ങള്‍.
വിംഗ് കമാന്‍ഡര്‍ അമിത് തിവാരിയുടെ നേതൃത്വത്തില്‍ വ്യോമസേനയിലെ മികച്ച 12 ഫൈറ്റര്‍ പൈലറ്റുമാരുള്‍പ്പെട്ട ടീമില്‍ ആറ് വിമാനങ്ങള്‍ ഒന്നിച്ചാണ് പ്രകടനം നടത്തിയത്. രണ്ടു മലയാളികളും സംഘത്തിലുണ്ട്. തലശ്ശേരി സ്വദേശി ടി.എം.ഗോപാലും മൂവാറ്റുപുഴ സ്വദേശി ജോയ് ടി.കുര്യനുമാണ് സൂര്യകിരണിലെ മലയാളി സാന്നിദ്ധ്യം. എട്ട് മുതല്‍ പത്തുവര്‍ഷം വരെ യുദ്ധവിമാനത്തില്‍ പൈലറ്റായി സേവനമനുഷ്ഠിച്ച ശേഷമാണ് ഇവരെല്ലാവരും സൂര്യകിരണിലെത്തിയത്.
വ്യോമസേനയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും സൈനികശേഷി ബോധ്യപ്പെടുത്താനുമാണ് സൂര്യകിരണ്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. ഒരു വര്‍ഷം 32 മുതല്‍ 35 വരെ പ്രകടനങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷത്തെ ഇരുപതാമത് പ്രകടനമാണ് വ്യാഴാഴ്ച അരങ്ങേറിയത്.












Click it and Unblock the Notifications