വീരപ്പനെ പിടികൂടാന്‍ ശ്രമിക്കരുത്: നെടുമാരന്‍
ചെന്നൈ: ഇപ്പോഴത്തെ സാഹചര്യത്തില്‍ വീരപ്പനെ പിടികൂടാന്‍ പ്രത്യേക ദൗത്യസംഘം നീക്കങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് രാജ്കുമാറിനെ മോചിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച തമിഴ് ദേശീയവാദി നേതാവ് നെടുമാരന്‍ പറഞ്ഞു.
ഈ ഘട്ടത്തില്‍ പൊലീസിന്റെ പ്രത്യേക ദൗത്യസംഘം കൂടുതല്‍ നീക്കങ്ങള്‍ നടത്തിയാല്‍ അത് തമിഴരും കന്നടക്കാരും തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുമെന്ന് നെടുമാരന്‍ പറഞ്ഞു. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പ്രത്യേക ദൗത്യസംഘത്തിലെ അംഗങ്ങള്‍ നടത്തിയ ക്രൂരകൃത്യങ്ങളെ കുറിച്ചുള്ള സദാശിവന്‍ കമ്മിഷന്റെ അന്വേഷണത്തെയും അത് ബാധിക്കും. നവംബര്‍ 17 വെള്ളിയാഴ്ച തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീരപ്പന്‍ ഇനി ആരെയും തട്ടിക്കൊണ്ടുപോവില്ലെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി നെടുമാരന്‍ പറഞ്ഞു.
വനംകൊള്ളക്കും മറ്റും പൂര്‍ണമായും വീരപ്പനാണ് ഉത്തരവാദിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നെടുമാരന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സഹായമില്ലെങ്കില്‍ വീരപ്പന് ഒന്നും ചെയ്യാന്‍ കഴിയില്ല.പക്ഷെ ഈ അഴിമതിക്കാരെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ല.ഈ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സ്വതന്ത്രരായി നടക്കുകയാണ് .അപ്പോള്‍ വീരപ്പനെതിരെ മാത്രം നടപടിയെടുക്കുന്നതില്‍ അര്‍ത്ഥമില്ല- അദ്ദേഹം പറഞ്ഞു.
വീരപ്പന്‍ പ്രശ്നം ചില സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ ഭാഗമാണ്. അവ പരിഹരിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അനേകം വീരപ്പന്‍ പ്രശ്നങ്ങളുണ്ടാകും.
പ്രത്യേക ദൗത്യസംഘത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് വീരപ്പന്റെ കുടുംബം ഇരയാവുകയായിരുന്നു. വീരപ്പന്റെ സഹോദരി ബലാത്സംഗം ചെയ്യപ്പെടുകയും സഹോദരന്‍ കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ അയാള്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയാണ്.
സത്യത്തില്‍ വിശ്വസിക്കുന്നയാളാണ് വീരപ്പന്‍. പരസ്പരവിശ്വാസമാണ് രാജ്കുമാറിനെ മോചിപ്പിക്കാനുള്ള ശ്രമം വിജയിച്ചതിനു കാരണമെന്ന് നെടുമാരന്‍ പറഞ്ഞു.












Click it and Unblock the Notifications